ലഖിംപുർ ഖേരി ആക്രമണം: സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം, ഹർജി

By Web TeamFirst Published Oct 5, 2021, 4:01 PM IST
Highlights

ഇന്നലെ മുതൽ  പൊലീസ് കസ്റ്റഡിയിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു.

ദില്ലി: ലഖിംപുർ ഖേരി (lakhimpur)ആക്രമണത്തിൽ സുപ്രീം കോടതി (supreme court) മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. യുപിയിലെ രണ്ട് അഭിഭാഷകരാണ് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ലഖിംപൂരിൽ യുപിയിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് നടപടി കടുപ്പിച്ചു.

ഇന്നലെ മുതൽ  പൊലീസ് കസ്റ്റഡിയിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത യുപി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺ​ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

അതിനിടെ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധിച്ച് മുന്നോട്ടു പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നു. കർഷകർ രണ്ടു വശത്തുമായി വീഴുന്നു പിന്നീട് വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നു. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടത്. ദൃശ്യങ്ങൾ യഥാർത്ഥമാണോ എന്ന് പൊലീസ് പ്രതികരിച്ചിട്ടില്ല.

കർഷകർ വാഹനത്തിന്റെ ഡ്രൈവറെ വളഞ്ഞിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു. വാഹനത്തിനു നേരെ കല്ലേറ് നടന്നപ്പോൾ നിയന്ത്രണം വിട്ടാണ് അപകടം നടന്നത് എന്ന് ബിജെപി വാദിച്ചിരുന്നു. എന്നാൽ പുറത്തു വന്ന ദൃശ്യങ്ങളിൽ ഇതിൻറെ സൂചനയില്ല. ദൃശ്യങ്ങൾ പ്രതിപക്ഷത്തിന് ആയുധമായി. ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ലഖിംപൂരിൽ ആക്രമണത്തിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  കർഷകർ നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദ്ദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷകസംഘടന നേതാക്കൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രക്തസ്രാവം ആണ് മരണത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. 

click me!