പോപ്പുലർ ഫ്രണ്ടിനേക്കാൾ മുമ്പേ ആർഎസ്എസ് നിരോധിക്കണമായിരുന്നെന്ന് ലാലു പ്രസാദ് യാദവ്

By Web TeamFirst Published Sep 28, 2022, 10:21 PM IST
Highlights

ലാലുപ്രസാദ് യാദവിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയവും കപടമതേതരത്വവുമാണെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 
 

പട്ന: പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിനെക്കാൾ മുമ്പേ ആർഎസ്എസ് നിരോധിക്കണമായിരുന്നെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ആർഎസ്എസ് ​ഹിന്ദു വർ​ഗീയ സംഘടന തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയവും കപടമതേതരത്വവുമാണെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യ‌ങ്ങൾക്ക് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ് ‌‌യാദവ്. "അവർ (ബിജെപി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വർ​ഗീയത ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് ആണ് ആദ്യം നിരോധിക്കപ്പെടാൻ യോ​ഗ്യതയുള്ള സംഘ‌ടന."- ലാലുപ്രസാദ് യാദവ് പറഞ്ഞു. 

പോപ്പുലർ ഫ്രണ്ടിനെ  പിന്തുണച്ച് തന്റെ മുസ്ലീം പിന്തുണാ അടിത്തറ ഉറപ്പിക്കുകയാണ് ലാലു പ്രസാദ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പ്രതികരിച്ചു.  ആർഎസ്എസിനോടും അതിന്റെ സാംസ്കാരിക ദേശീയതയോടും അദ്ദേഹത്തിന് ശത്രുതയുണ്ട് എന്നും ബീഹാർ ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ചില വ്യക്തികളുടെ പ്രവർത്തിയുടെ പേരിൽ സംഘടനയെ നിരോധിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഇന്ന് പ്രതികരിച്ചു. പ്രതികരിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങളെ നിശബ്ദരാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഒവൈസി കുറ്റപ്പെടുത്തി. താൻ എല്ലായ്‌പ്പോഴും പിഎഫ്‌ഐയുടെ രീതിയെ എതിർത്തിരുന്നു. എങ്കിലും അവരുടെ ജനാധിപത്യ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂരമായ നിരോധനം അപകടകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കും. ആസ്തികൾ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. 

Read Also: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ, യുഎപിഎ ചുമത്തി

tags
click me!