'മോദി ഭരണം പിഴുത് മാറ്റും'; പ്രഖ്യാപിച്ച് ലാലു, നിതീഷിനൊപ്പം സോണിയയെ കാണും; ഐക്യത്തിന് ദില്ലിയിൽ ചടുലനീക്കം

By Web TeamFirst Published Sep 25, 2022, 12:46 AM IST
Highlights

നേരത്തെ ദില്ലിയിലെത്തിയ നിതീഷ് കുമാർ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചർച്ച നടത്തിയിരുന്നു

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്പോൾ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങൾ സജീവമാക്കുകയാണ് പ്രാദേശിക പാർട്ടികൾ. സഖ്യചർച്ചകൾക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവും ദില്ലിയിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എ ന്‍ഡി എ പാളയത്തിൽ നിന്നിറങ്ങി ആർ ജെ ഡിക്കും കോൺഗ്രസിനുമൊപ്പം കൈകോർത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ നേതൃനിരയിലേക്ക് വരുമെന്ന ചർച്ചകൾ സജീവമാണ്. നേരത്തെ ദില്ലിയിലെത്തിയ നിതീഷ് കുമാർ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷനാകുമോ ഗെലോട്ട്? മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം? പൈലറ്റിനോ സാധ്യത?

ഇന്ന് വീണ്ടും എത്തുന്ന നിതീഷ് കുമാർ, ലാലു പ്രസാദ് യാദവുമൊത്താണ് കോൺഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കേ സഖ്യ രൂപീകരണമടക്കം കൂടികാഴ്ചയില്‍ ചർച്ചയാകും. പ്രതിപക്ഷ ഐക്യത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ഒപ്പം തന്നെ 2024 ൽ മോദി ഭരണം പിഴുത് മാറ്റും എന്നും ലാലു ദില്ലിയിൽ പ്രഖ്യാപിച്ചു.

അതേസമയം ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐ എന്‍ എല്‍ ഡി നേതാവുമായ ഓംപ്രകാശ് ചൗട്ടാല ഇന്ന് സംഘടിപ്പിക്കുന്ന റാലിയാകും പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിന് വേദിയാകുകയെന്നാണ് വ്യക്തമാകുന്നത്. മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചൗട്ടാല റാലി സംഘടിപ്പിക്കുന്നത്. എന്നാൽ ക്ഷണമുണ്ടെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റാലിക്കെത്തില്ല. പ്രതിപക്ഷ നിരയിലെ മറ്റ് പ്രമുഖ നേതാക്കളെല്ലാം റാലിക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തേക്കും. രാവിലെ 11മണിക്ക് ഫത്തേബാദിലാണ് റാലി. 

പ്രതിപക്ഷ ഐക്യ ച‍ർച്ചകൾ സജീവം,ഹരിയാനയിലെ റാലി ഐക്യനീക്കത്തിന് വേദിയാകും, മമത റാലിക്ക് എത്തില്ല

അതേസമയം ലോകസഭാ, നിയമസഭ തിര‍ഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ ബി ജെ പി പ്രചാരണ പരിപാടികൾ സജീവമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. ബിഹാറിലും തെലങ്കാനയും അമിത് ഷായും റാലികൾക്കെത്തി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബി ജെ പിയുടെ നീക്കങ്ങൾ ശക്ഷമായതോടെയാണ് പ്രതിപക്ഷ പാർട്ടികളും സഖ്യ ചർച്ചകൾ സജീവമാക്കുന്നത്.

click me!