ലോകസഭാ, നിയമസഭ തിര‍ഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രചാരണ പരിപാടികൾ തുടങ്ങികഴിഞ്ഞു. പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളും സഖ്യ ചർച്ചകൾ സജീവമാക്കുന്നത്.

ദില്ലി: പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങൾ സജീവമാക്കി പാർട്ടികൾ. സഖ്യചർച്ചകൾക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. എന്‍ഡിഎ വിട്ട് ആർജെഡിയുമായി കൈകോർത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ നേതൃനിരയിലേക്ക് വരുമെന്ന ചർച്ചകൾ സജീവമാണ്. നേരത്തെ ദില്ലിയിലെത്തിയ നിതീഷ് കുമാർ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. നാളെ വീണ്ടും എത്തുന്ന നിതീഷ് കുമാർ ദില്ലിയിലുള്ള ലാലു പ്രസാദ് യാദവുമൊത്താണ് കോൺഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച നടത്തുന്നത്. 

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കേ സഖ്യ രൂപീകരണമടക്കം കൂടികാഴ്ചയില്‍ ചർച്ചയാകും. ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി നേതാവുമായ ഓംപ്രകാശ് ചൗതാല സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും. മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചൗതാല റാലി സംഘടിപ്പിക്കുന്നത്. എന്നാൽ ക്ഷണമുണ്ടെങ്കിലും മമത ബാനർജി റാലിക്കെത്തില്ല. ലോകസഭാ, നിയമസഭ തിര‍ഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പ്രചാരണ പരിപാടികൾ തുടങ്ങികഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. ബിഹാറിലും തെലങ്കാനയും അമിത് ഷായും റാലികൾക്കെത്തി. പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളും സഖ്യ ചർച്ചകൾ സജീവമാക്കുന്നത്.