
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗ്രാമിൽ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയ്യിബ എന്ന് സൂചന. മൂന്നുപേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനിടെ ജമ്മുകശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി. കിഷ്ത്വാറിൽ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇതിനിടെ ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഗ്രനേഡുമായി ഒരാൾ പിടിയിലായി. വനമേഖലയിൽ ഒളിപ്പിച്ച നിലയിലാണ് ഗ്രനേഡ് കണ്ടെത്തിയത്. ബാദർകോട്ടെ വനമേഖലയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ സൈന്യം അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം കുൽഗാമിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള ചെക്ക്‌പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നിൽ നിരോധിത ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് ആണെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനം. ആക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച ചെക്ക്‌പോസ്റ്റിലെത്തിയ ഒരു ആൺകുട്ടി സിആർപിഎഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശ്രീനഗറിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയും ജമ്മു-ശ്രീനഗർ ദേശീയപാതയ്ക്ക് ഒരു കിലോമീറ്റർ മാറിയുമാണ് ആക്രമണമുണ്ടായ ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ചെക്ക്‌പോസ്റ്റിന് 50 മീറ്റർ അകലെയുള്ള വനമേഖലയിൽ നിന്ന് കാൽനടയായി എത്തിയ രണ്ട് സായുധ ഭീകരരാണ് വെടിയുതിർത്തത്. ഒരാൾ വെടിയുതിർത്തപ്പോൾ രണ്ടാമത്തെയാൾ കവർ നൽകുകയായിരുന്നു. പരിക്കേറ്റ മൂന്ന് ജവാന്മാരെയും 22 കിലോമീറ്റർ അകലെയുള്ള അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ വയറിനാണ് ഗുരുതരമായി വെടിയേറ്റത്. മറ്റ് രണ്ട് പേരുടെ കൈകാലുകളിലാണ് വെടിയേറ്റത്.
പരിക്കേറ്റിട്ടും മൂന്ന് ജവാന്മാരും ഭീകരർക്ക് നേരെ ശക്തമായി തിരിച്ചടിക്കുകയും അവരെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭീകരർ നൗപൂർ ഭാഗത്തെ വനമേഖലയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിൽ സൈന്യം സംഭവ സ്ഥലത്തുനിന്ന് ഒരു മോട്ടറോള മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകരർക്കായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam