കശ്മീരില്‍ കരുതല്‍ തടങ്കല്‍ പഞ്ചനക്ഷത്ര സൗകര്യത്തോടെയെന്ന് റാം മാധവ്

By Web TeamFirst Published Oct 1, 2019, 1:14 PM IST
Highlights

ജമ്മു കശ്മീരില്‍ നേരത്തെ 2500 ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 200-250 പേര്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നതെന്നും റാം മാധവ് വ്യക്തമാക്കി.

ഔറംഗാബാദ്: ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്കെല്ലാം പഞ്ചനക്ഷത്ര സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഏകദേശം 250നടുത്ത് ആളുകള്‍ മാത്രമാണ് കരുതല്‍ തടങ്കലില്‍ കഴിയുന്നത്. അവരെ താമസിപ്പിച്ചിരിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും  റിസോര്‍ട്ടുകളിലുമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരില്‍ നേരത്തെ 2500 ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 200-250 പേര്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നതെന്നും റാം മാധവ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി കശ്മീര്‍ സമാധാനത്തിലാണ്. 1994 ല്‍ പാകിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ അവശേഷിക്കുന്ന ഒറ്റക്കാര്യം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് കൈമാറുമെന്നതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് നാല് മുതല്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ  ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഷാ ഫൈസല്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കശ്മീര്‍ സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

click me!