ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാസേനകളുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ നിർമിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തി. പാകിസ്ഥാന് ആയുധങ്ങളെത്തിച്ച് സഹായം നൽകുന്നുണ്ടെന്ന ആരോപണം മുമ്പ് അമേരിക്ക നിഷേധിച്ചിരുന്നു. 

തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍  പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നൈപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചു. കരസേന ചിനാർ കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ്, സിആര്‍പിഎഫ് അഡീ.ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ എന്നിവരാണ് തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. 

അമര്‍നാഥ് യാത്ര അട്ടിമറിക്കുക എന്നതാണ് പാകിസ്ഥാന്‍റെ പിന്തുണയുള്ള തീവ്രവാദികളുടെ ലക്ഷ്യം. അമര്‍നാഥ് തീര്‍ത്ഥാടകരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി കഴിഞ്ഞ മൂന്ന്-നാല് ദിവസത്തിനിടെ  പലതവണ രഹസ്യാന്വേഷണ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദികളുടെ ഒളിയിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലും ഈ രീതിയിലുള്ള സൂചനകള്‍ ലഭിച്ചു. - കരസേനയുടെ ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ പലയിടത്തും ക്രൂഡ് ബോംബുകളടക്കമുള്ള സ്ഫോടകവസ്തുകള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരില്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു തുടങ്ങുന്നവര്‍ പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത് സ്ഥിരമാണെന്ന് സംസ്ഥാനത്തെ തീവ്രവാദി സാന്നിധ്യത്തെ കുറിച്ച് വിശദീകരിക്കവെ ലെഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞു. പ്രദേശവാസികളില്‍ ആയുധം കൈയിലെടുത്തവരില്‍ 83 ശതമാനവും മുന്‍കാലങ്ങളില്‍ പൊലീസിനെതിരെ കല്ലെറിയാന്‍ നിന്നവരാണെന്ന് ഞങ്ങളുടെ ആഴത്തിലുള്ള പഠനത്തിലും നിരീക്ഷണത്തിലും  വ്യക്തമായിട്ടുണ്ട്. ഇന്ന് അഞ്ഞൂറ് രൂപ വാങ്ങി സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയാന്‍ നില്‍ക്കുന്ന മക്കള്‍ നാളെ തീവ്രവാദിയായി തീരുന്ന അവസ്ഥ ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് കശ്മീരിലെ അമ്മമാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്- ധില്ലന്‍ പറഞ്ഞു. 

അതേസമയം ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്ക് അത്ഭുതകരമായ തീര്‍ത്ഥാടകബാഹുല്യമാണ് അനുഭവപ്പെടുന്നതെന്ന് സിആര്‍പിഎഫ് എഡിജി സുള്‍ഫിക്കര്‍ ഹസന്‍ വ്യക്തമാക്കി.  നിരന്തരം ഭീഷണികളുണ്ടായിട്ടും അട്ടിമറി ശ്രമങ്ങള്‍ നടന്നിട്ടും സുരക്ഷാസേനകളുടെ കഠിനാദ്ധ്വാനത്തിന്‍റേയും പ്രദേശവാസികളുടെ പിന്തുണയും കാരണം അമര്‍നാഥ് തീര്‍ത്ഥാടനം സുഗമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യക്ഷമമായ ഉപയോഗവും തീര്‍ത്ഥാടനം എളുപ്പത്തിലാക്കാന്‍ സഹായിച്ചെന്നും സുള്‍ഫിക്കര്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ കശ്മീരില്‍ വിന്യസിക്കപ്പെട്ട സൈനികര്‍ക്ക് അല്‍പം വിശ്രമം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. സൈനികരുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം സംസ്ഥാനത്തെ മെച്ചപ്പെട്ട ക്രമസമാധാനനില തകര്‍ക്കാന്‍ തീവ്രവാദികള്‍ ശ്രമങ്ങള്‍ നടത്തിയേക്കുമെന്നും ചില മുന്നറിയിപ്പുകളുണ്ട്. കശ്മീര്‍ താഴ്വരയിലേയും ജമ്മുവിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍  കാര്യമായ കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തെ തീവ്രവാദികളുടെ എണ്ണം കഴിഞ്ഞ കുറച്ചു കാലമായി കുറഞ്ഞു വരികയാണെന്നും ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.