ഇടത് നേതാക്കൾ ജെഎൻയുവിൽ; അക്രമം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എയിംസിൽ

Web Desk   | Asianet News
Published : Jan 05, 2020, 11:17 PM ISTUpdated : Jan 05, 2020, 11:19 PM IST
ഇടത് നേതാക്കൾ ജെഎൻയുവിൽ; അക്രമം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി,  പ്രിയങ്ക ഗാന്ധി എയിംസിൽ

Synopsis

ഐഷി ഘോഷും സുചിത്ര സെന്നും അടക്കം അഞ്ച് പേര്‍ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന ദില്ലി എയിംസ് ആശുപത്രിയിലേക്ക് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി

ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അതേസമയം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ദില്ലി എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. അതേസമയം ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടു.

"മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ജെഎൻയുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ ധീരരായ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകള്‍ ഭയക്കുകയാണ്. ആ ഭയത്തിന്റെ പ്രതിഫലനമാണ് ജെഎൻയുവിൽ ഇന്നുണ്ടായ സംഭവങ്ങൾ," എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക സുചിത്ര സെൻ എന്നിവരുടെ ചിത്രവും മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ ചിത്രവും അക്രമികൾ തകര്‍ത്ത സബര്‍മതി ഹോസ്റ്റലിന്റെ ചിത്രവും രാഹുൽ ഗാന്ധി പങ്കുവച്ചു.

ഐഷി ഘോഷും സുചിത്ര സെന്നും അടക്കം അഞ്ച് പേര്‍ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന ദില്ലി എയിംസ് ആശുപത്രിയിലേക്ക് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ബൃന്ദാ കാരാട്ട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം ജെഎൻയുവിലേക്ക് പോയി. ഡി രാജ, കെകെ രാഗേഷ് എംപി എന്നിവരടക്കമുള്ള ഇടതു നേതാക്കളുടെ സംഘവും ജെഎൻയുവിലേക്ക് എത്തി.

വിവിധ സർവകലാശാലകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ജെഎൻയു കാമ്പസിന്റെ പ്രധാന ഗേറ്റിന് സമീപം പ്രതിഷേധിക്കുകയാണ്. ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ ദില്ലി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ദില്ലി പൊലീസ് ആസ്ഥാനം വിദ്യാര്‍ത്ഥികളും മുൻ ജെഎൻയു വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കമുള്ള ആളുകള്‍ ഉപരോധിച്ചിരിക്കുകയാണ്. 

അതിനിടെ അക്രമത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നിര്‍മ്മല സീതാരാമൻ, രമേഷ് പൊഖ്രിയാൽ, എസ് ജയശങ്കര്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ അക്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു. ദില്ലി പൊലീസിനോട് ക്രമസമാധാനം ഉറപ്പാക്കാൻ നിര്‍ദ്ദേശം നൽകിയെന്ന് ലെഫ്റ്റനന്റ് ഗവ‍ര്‍ണര്‍ അനിൽ ബൈജാൽ ട്വീറ്റ് ചെയ്തു. അക്രമത്തിന് കാരണക്കാര്‍ എസ്എഫ്ഐയും ഐസയും ഡിഎസ്എയും ആണെന്ന് ആരോപിച്ച് എബിവിപി രംഗത്തെത്തി. ഇടത് സംഘടനകൾ നടത്തിയ നാടകമാണ് ജെഎൻയു അക്രമമെന്ന് ബിജെപി വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി