16 മാസം പ്രായമായ കുഞ്ഞിനെ പുലി കടിച്ചുകൊന്നു, ആക്രമണം അമ്മയുടെ കൺമുന്നിൽ വച്ച്

Published : Oct 25, 2022, 02:50 PM IST
16 മാസം പ്രായമായ കുഞ്ഞിനെ പുലി കടിച്ചുകൊന്നു, ആക്രമണം അമ്മയുടെ കൺമുന്നിൽ വച്ച്

Synopsis

അമ്മയുടെ മുമ്പിൽ വച്ചാണ് കുഞ്ഞിനെ പുലി കടിച്ച് കുടഞ്ഞത്. നിലവിളിച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും കുഞ്ഞുമായി പുലി കാട്ടിലേക്ക് ഓടി..

മുംബൈ : മുംബൈയിൽ പുലിയുടെ ആക്രമണത്തിൽ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സെവൻ ഹിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നിലധികം മുറിവുകളും കഴുത്ത് ഞെരിഞ്ഞതായും, ശരീരത്തിൽ പാടുകളും ഉള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുറിവുകളിലൂടെയുള്ള രക്തസ്രാവം മരണ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കുഞ്ഞിന്റെ വീട്ടുകാർ അന്ത്യകർമങ്ങൾ നടത്തി. 

സംഭവത്തെത്തുടർന്ന്, രാത്രിയിൽ കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് പ്രദേശത്തുള്ള കുടുംബങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രത്യേകിച്ച് ദീപാവലി ആഘോഷങ്ങൾക്കിടയിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെയും താനെ ജില്ലാ ഭരണകൂടത്തിലെയും ഉദ്യോഗസ്ഥരും ആരെ കോളനി സന്നദ്ധപ്രവർത്തകരും സംഭവത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവത്തെ തുടർന്ന് പുലിയെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പുലർച്ചെ 5:30 ഓടെ കുട്ടിയുടെ അമ്മ സമീപത്തെ ശിവക്ഷേത്രത്തിൽ ദീപാവലി പ്രാർഥനയ്ക്കായി പോയ സമയത്താണ് സംഭവം നടന്നത്. അമ്മയെ കാണാത്തതിനെ തുടർന്ന് വീടിന് പുറത്തിറങ്ങിയ കുട്ടിയെ പുലി പിടിക്കുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയ അമ്മ, കുഞ്ഞിനെ പുലി കടിച്ച് കുടയുന്നത് കണ്ട് നിലവിളിച്ച് ആളുകളെ കൂട്ടി. അപ്പോഴേക്കും കുഞ്ഞിനെയും കടിച്ചെടുത്ത് പുലി കാട്ടിലേക്ക് കടന്നു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പുലി പ്രദേശത്ത് മനുഷ്യരെ ആക്രമിക്കുന്നത്. മൂന്നാഴ്ച മുമ്പ്, പിതാവിനൊപ്പം ഒരു പരിപാടിക്ക് പോകുമ്പോൾ 9 വയസ്സുള്ള ആൺകുട്ടിക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മറ്റൊരു സംഭവത്തിൽ, നിർത്തിയിട്ട മോട്ടോർ ബൈക്കുകളുടെ സീറ്റ് കവറുകൾ പുലി വലിച്ചുകീറിയിരുന്നു. 

Read More : ദീപാവലി ദിനത്തിൽ റോഡിലെ കുഴികൾക്ക് ചുറ്റം ദീപം കത്തിച്ച് പ്രതിഷേധം

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്