
മൈസുരു : റോഡിലെ കുഴി എപ്പോഴും ഒരു തീരാതലവേദനയാണ്, യാത്രക്കാർക്കും സർക്കാരിനും. എത്ര പ്രതിഷേധിച്ചിട്ടും സർക്കാരുകൾ കുഴി നികത്താതെ വന്നപ്പോഴൊക്കെ ആളുകളുടെ തുടർന്നുള്ള പ്രതിഷേധങ്ങളും വ്യത്യസ്തമായിരുന്നു. കുഴിയിൽ വാഴ വെക്കുന്നത് മുതൽ കുഴിയിലിരിന്ന് കുളിക്കുന്നതിന്റെയും കുഴിയിലിറങ്ങിയുള്ള വിവാഹ ഫോട്ടോഷൂട്ടിന്റെയും ദൃശ്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഴിയുടെ പേരിൽ ഒരു സിനിമ പോലും വിവാദത്തിലായി. ഇപ്പോഴിതാ റോഡിലെ കുഴിക്ക് ചുറ്റും ദീപങ്ങൾ കത്തിച്ച് ദീപാവലി ആഘോഷിക്കുകയാണ് കർണാടകയിലെ മൈസൂരുവിലെ കുറച്ചുപേർ.
കുഴികൾക്ക് ചുറ്റും വിളക്കുകൾ തെളിച്ച് തനതായ രീതിയിൽ ദീപാവലി ആഘോഷിച്ചായിരുന്നു ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം. നഗരത്തിലെ റോഡുകളുടെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഈ നൂതന പ്രതിഷേധം നടത്തിയത്. നഗരത്തിലെ കുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മധ്വാചാര്യ ഏരിയയിലെ കൃഷ്ണമൂർത്തി പുരത്തെ ഗാഡി ചൗക്കിലാണ് സംഭവം. കൃഷ്ണരാജ യുവബലഗയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നഗരസഭാ ഭരണകൂടം നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നൂതനമായ ഈ പ്രതിഷേധം നഗരസഭാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടാതായാണ് റിപ്പോർട്ടുകൾ.
Read More : 'വീണിതല്ലോ കിടക്കുന്നു കുഴിയതില്‍..'; ആക്ടിവയെ ചതിച്ചത് മഴവെള്ളമോ അതോ പണിയിലെ 'വെള്ളമോ'?!