
ടോങ്ക്: ജനവാസ മേഖലയിലിറങ്ങി മദ്യഷോപ്പിൽ കയറി പുള്ളിപ്പുലി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള തോട റായ്സിംഗ് പട്ടണത്തിലാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 8.45ഓടെയാണ് പുള്ളിപ്പുലിയെ കണ്ടത്.
അഞ്ച് മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് അധികൃതരും ജയ്പൂർ മൃഗശാലയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ചേർന്ന് പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കാട്ടിൽ നിന്നും വഴിതെറ്റിയെത്തിയ പുലി പട്ടണത്തിന് അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലം പരിശോധിക്കാനെത്തിയ രാകേഷ് മാലി എന്ന വനംവകുപ്പ് സന്നദ്ധപ്രവർത്തകന് നേരെയാണ് പുലി ആദ്യം പാഞ്ഞടുത്തത്. അദ്ദേഹത്തിന്റെ കാലുകൾക്ക് പരിക്കേറ്റു. തുടർന്ന് ജനവാസ മേഖലയിലൂടെ 400 മീറ്ററോളം ഓടിയ പുലി തിരക്കേറിയ മാർക്കറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. മദ്യഷോപ്പിന് പുറത്തിരിക്കുകയായിരുന്ന ഫത്തേ ലാൽ കോലി (40) എന്നയാളെ ആക്രമിച്ച ശേഷമാണ് പുലി കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന സെയിൽസ്മാൻ സഞ്ജയ് ഗുർജറിന് (25) നേരെയും ആക്രമണമുണ്ടായി. മൂക്കിനും മുതുകിനും പരിക്കേറ്റ സഞ്ജയ് ജീവനും കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പുലി കടയ്ക്കുള്ളിൽ അകപ്പെട്ടതോടെ കൂടുതൽ ആക്രമണം ഒഴിവാക്കാൻ ബുദ്ധിപൂർവ്വം പ്രവർത്തിച്ച നാട്ടുകാർ പെട്ടെന്ന് തന്നെ മദ്യഷോപ്പിന്‍റെ ഷട്ടർ പുറത്തുനിന്ന് താഴ്ത്തി പൂട്ടിയിട്ടു. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. വനംവകുപ്പ് സന്നദ്ധപ്രവർത്തകൻ രാകേഷ് മാലി പ്രാദേശി ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ഗുർജർ, ഫത്തേ ലാൽ കോലി എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
വിവരമറിഞ്ഞ് ടോങ്കിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജയ്പൂർ മൃഗശാലയിൽ നിന്നുള്ള പ്രത്യേക മയക്കുവെടി സംഘവും സംഭവസ്ഥലത്തെത്തി. തുടന്ന് വനംവകുപ്പ് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അശോക് തൻവാറിന്‍റെ നേതൃത്വത്തിലാണ് പുലിയെ മയക്കുവെടി വെച്ച് തളച്ചത്. 60-ലധികം വന്യജീവി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു മദ്യഷോപ്പിനുള്ളിൽ കയറി പുള്ളിപ്പുലിയെ പിടികൂടുന്നത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണെന്ന് സീനിയർ വെറ്ററിനറി ഓഫീസർ ഡോ. അശോക് തൻവാർ പറഞ്ഞു.
തോട റായ്സിംഗിന് ചുറ്റുമുള്ള വനങ്ങളിൽ ധാരാളം പുള്ളിപ്പുലികളുണ്ടെന്നും ഇര തേടിയോ വഴിതെറ്റിയോ ആകാം ഇത് പട്ടണത്തിലേക്ക് ഇറങ്ങിയതെന്നും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വീരേന്ദ്ര സിംഗ് കൃഷ്‌ണിയ പറഞ്ഞു. പിടികൂടിയ ആൺപുലിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ടോങ്ക് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് മാറ്റി. തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തെത്തിയിരുന്നു.
🚨 SHOCKING INCIDENT IN RAJASTHAN
A wild leopard strayed from nearby hills into Todaraisingh town (Tonk) and charged straight inside a liquor shop near SBI Chauraha!
The big cat went on a rampage—smashing bottles and attacking the salesman, leaving him with injuries to his… pic.twitter.com/EiAfd9OyAi— Kailash Vashi (@KailashVashi) July 20, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam