
മൈസൂരു: മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ടി.നരസിപുര സ്വദേശികളായ കിരൺ, കിഷോർ. റിയാൻ എന്നിവരാണ് പിടിയിലായത്. രാത്രി വൈകി ബസിറങ്ങിയ മുപ്പതുകാരിയെയാണ് കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിലെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് രാത്രി 9.45 ഓടെയാണ് യുവതി ടി. നരസിപുര ബസ് സ്റ്റാൻഡിൽ എത്തിയത്. ഈ സമയം കാറിലെത്തിയ യുവാക്കളുടെ സംഘം യുവതിയോട് വഴി ചോദിച്ചു. കന്നഡ അറിയില്ലെന്ന് യുവതി പറഞ്ഞെങ്കിലും യുവാക്കൾ യുവതിയെ കാറിൽ വലിച്ച് കയറ്റുകയും ഒരു ലോഡ്ജിൽ എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു.
യുവതിയെ മാറി മാറി ബലാത്സംഗം ചെയ്ത പ്രതികൾ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി പറയുകയായിരുന്നു. തുടർന്ന് സംഘം കാറിൽ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടൻ വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പശ്ചിമ ബംഗാൾ സ്വദശിയായ യുവതി ടി.നരസിപുരയിലെ ഒരു ഫാസ്റ്റ് ഫുഡ് കടയിൽ ജോലി ചെയ്യുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam