
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നൽകി സുരക്ഷാസേന. കുൽഗാമിലെ ലാരോയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഉമർ നസീറിനെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കർ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതായി വിവരമുണ്ട്. എന്നാൽ ഈക്കാര്യം സുരക്ഷസേന ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടില്ല. മുഹമ്മദ് ലത്തീഫ് ഭട്ട് പാക് ഭീകരർക്കൊപ്പം പ്രവർത്തിച്ചുവരികയായിരുന്നുവെന്നാണ് അധികൃതർ വിശദമാക്കുന്നത്. അനന്തനാഗിൽ പൊലീസ് കോൺസ്റ്റബിളിന്റെ കൊലപാതകത്തിലും കുൽഗാമിൽ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയതും അടക്കം നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയുണ്ടായ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam