ഇഎംഎസ് മുതൽ ബുദ്ധദേവ് ഭട്ടാചാര്യ വരെ; പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ച സിപിഎം നേതാക്കൾ

Published : Jan 27, 2026, 04:40 AM IST
 CPM Leaders

Synopsis

മുൻ കാലങ്ങളിൽ ഇഎംഎസ്, ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും പാർട്ടിയും പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ചിരുന്നു. വിഎസ് അച്യുതാനന്ദന് കേന്ദ്രസർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കുമോ ?

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വിഎസ് അച്യുതാനന്ദന് കേന്ദ്രസർക്കാർ നൽകിയ പത്മവിഭൂഷൺ അദ്ദേഹത്തിന്റെ കുടുംബം സ്വീകരിക്കുമോ? സിപിഎമ്മോ വിഎസിന്റെ കുടുംബമോ പുരസ്‌കാരം സ്വീകരിക്കില്ല എന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് വിഎസിന്‍റെ മകൻ അരുൺ കുമാർ വ്യക്തമാക്കി. സംശയം ഉയരാൻ കാരണം സിപിഎമ്മിന്റെ മുൻകാല നിലപാടുകൾ ആണ്. മുൻ കാലങ്ങളിൽ ഇഎംഎസ്, ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും പാർട്ടിയും പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ചിരുന്നു.

നരസിംഹറാവു സർക്കാരിന്‍റെ കാലത്താണ് രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്‌കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ആരാഞ്ഞു. എന്നാൽ പാർട്ടിയും ബസുവും പുരസ്‌കാരം സ്വീകരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചു. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല.

ഐക്യമുന്നണി സർക്കാരിന്‍‌റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായി. സ്വീകരിക്കില്ല എന്ന നിലപാട് അദ്ദേഹവും പാർട്ടിയും സ്വീകരിച്ചു. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകി. പുരസ്‌കാരം നിരസിച്ച് അദ്ദേഹവും പാർട്ടിയും നിലപാടെടുത്തു. ഈ നിരസിക്കലുകൾക്കെല്ലാം പാർട്ടി പറഞ്ഞത് രണ്ടു കാരണങ്ങൾ ആണ്. ഒന്ന്, പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനം. രണ്ട്, ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്യുണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നുമാണ്.

അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാ​ഗതം ചെയ്തിരിക്കുകയാണ് സിപിഎം കേരള നേതൃത്വം. മുൻകാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് വിശദീകരണം. പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും സിപിഎം പ്രതികരിച്ചു. രാജ്യത്തെ തന്നെ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമാണ് മരണാന്തര ബഹുമതിയായി വിഎസിന് ലഭിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക്ക് ഇതിഹാസ താരത്തിന്റെ മകൻ വീട്ടുജോലിക്കാരിയെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി, വസ്ത്രം ബലമായി അഴിച്ചു; പീഡനക്കേസിൽ അറസ്റ്റിൽ
കൊടും ക്രൂരത, മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറെ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ