
ബിജ്നോർ: വ്യാജ രേഖകൾ ഉപയോഗിച്ച് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ വായ്പ നേടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ജുഡീഷ്യൽ ഓഫീസറാണെന്ന് അവകാശപ്പെട്ട് ബാങ്കിലെത്തിയ ആയിഷ പർവീണും ഒപ്പമുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടറെന്ന് അവകാശപ്പെട്ട അനസ് എന്നയാളുമാണ് പിടിയിലായത്. ബിജ്‌നോറിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സിവിൽ ലൈൻസ് ബ്രാഞ്ചിൽ നിന്നും 35 ലക്ഷം രൂപ വായ്പയെടുക്കാനായിരുന്നു ശ്രമം. രാംപൂർ ജില്ലയിലെ ജഡ്‌ജിയെന്ന് അവകാശപ്പെട്ടാണ് ആയിഷ ബാങ്കിൽ വായ്പാ അപേക്ഷ നൽകിയത്.
ബാങ്ക് ഉദ്യോഗസ്ഥർ വായ്‌പ അനുവദിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. തുക കൈമാറുന്നതിന് മുൻപ് ഉദ്യോഗസ്ഥർ ആയിഷയെ ബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി. ജഡ്ജിയുടെ സ്റ്റിക്കർ പതിച്ച ജുഡീഷ്യൽ ഓഫീസർ എന്ന നെയിംപ്ലേറ്റുമുള്ള മാരുതി ബെലേനോ കാറിലാണ് അവർ ബാങ്കിലെത്തിയത്. എന്നാൽ ആയിഷയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ കണ്ട് സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ വായ്‌പയ്ക്കായി സമർപ്പിച്ച രേഖകൾ വീണ്ടും പരിശോധിച്ചു.
ഡെറാഡൂണിൽ നിന്നുള്ള ആക്സിസ് ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റാണ് ആയിഷ വായ്പ നേടാൻ സമർപ്പിച്ചത്. പ്രതിമാസം 1.3 ലക്ഷം രൂപ ശമ്പളവും 5 ലക്ഷം രൂപയോളം നിക്ഷേപവും രേഖപ്പെടുത്തിയുള്ളതായിരുന്നു ആക്സിസ് ബാങ്ക് രേഖ. ആക്സിസ് ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ അക്കൗണ്ടിൽ 40,000 രൂപ മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. ശമ്പളം ലഭിച്ചതിന് തെളിവില്ലെന്നും ഈ അന്വേഷണത്തിൽ വ്യക്തമായി. ആയിഷയുടെ തിരിച്ചറിയൽ കാർഡ്, ജോയിനിംഗ് ലെറ്റർ, മറ്റ് രേഖകൾ എന്നിവയും വ്യാജമാണെന്ന് പിന്നാലെ കണ്ടെത്തി.
ബാങ്കിൽ നിന്ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ ആയിഷയെയും അനസിനെയും കസ്റ്റഡിയിലെടുത്തു. എല്ലാ രേഖകളും വ്യാജമാണെന്ന് പിന്നീട് സൈബർ ക്രൈം സംഘം സ്ഥിരീകരിച്ചു. റാംപൂരിലെ ജഡ്ജി കോളനിയിലാണ് താൻ താമസിക്കുന്നതെന്നും ജുഡീഷ്യൽ ചിഹ്നം ഘടിപ്പിച്ച വാഹനം ഓടിക്കാൻ ഒരു പ്രാദേശിക ടാക്സി ഡ്രൈവറെയാണ് ഉപയോഗിച്ചതെന്നും ആയിഷ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. ആയിഷയ്ക്കും അനസിനുമെതിരെ കേസെടുത്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.