വർഷകാല സമ്മേളനത്തിന് സമാപനം; ലോക്സഭയിൽ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

Published : Aug 13, 2026, 05:18 PM IST
Parliament

Synopsis

സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വൻ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള നടപടികൾ ലോക്സഭയിൽ ഒഴിവാക്കി. സ്പീക്കറുടെ ചായസത്ക്കാരം ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്ക്കരിച്ചു.

ദില്ലി: സർക്കാരിനും പ്രതിപക്ഷത്തിനുമിടയിൽ സമവായം ഇല്ലാതെ പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് സമാപനം. സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വൻ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള നടപടികൾ ലോക്സഭയിൽ ഒഴിവാക്കി. സ്പീക്കറുടെ ചായസത്ക്കാരം ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ബഹിഷ്ക്കരിച്ചു. സർക്കാരിനെതിരെ യുവരോഷം ഉണ്ടെന്ന് തെളിഞ്ഞ സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് നേട്ടമായി.

പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും ഇന്ന് സഭയിലെത്തിയത്. വലിയ കൈയ്യടിയോടെ ഭരണപക്ഷം ഇരുവരെയും സ്വീകരിച്ചപ്പോൾ പ്രതിപക്ഷം എതിർത്ത് മുദ്രാവാക്യം മുഴക്കി. അമിത് ഷായുടെ അടുത്തെത്തി പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ സമ്മേളനം തീരുമ്പോൾ വായിക്കുന്ന പ്രസ്താവന പോലും ഒഴിവാക്കി സ്പീക്കർ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും സ്പീക്കറുടെ ചേംബറിലേക്ക് പതിവ് ചായ സത്ക്കാരത്തിനായി കയറിയെങ്കിലും കോൺഗ്രസ് നേതാക്കൾ മാറി നിന്നു. കിരൺ റിജിജു ക്ഷണിച്ചപ്പോൾ അമിത് ഷായ്ക്കൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് രാഹുൽ മറുപടി നല്‍കി. സമാജ്വാദി പാർട്ടിയും ടിഎംസിയും വിട്ടു നിന്നപ്പോൾ ഡിഎംകെ നേതാവ് കനിമൊഴി ഇതിൽ പങ്കെടുക്കാൻ തയ്യാറായി.

കേരളത്തിൻ്റെ ഔദ്യോഗിക നാമം മാറ്റുന്നതടക്കം പന്ത്രണ്ട് ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കി. ഇതിൽ പരീക്ഷ പേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിൽ മാത്രമാണ് ലോക്സഭയിൽ ചർച്ച നടന്നത്. ദില്ലിയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അമിത് ഷാ രണ്ട് സഭകളിലും എത്താതെ മാറിനിന്നു. ഒടുവിൽ ഇന്നലെ ചർച്ചയ്ക്ക് തയ്യാറായി നിലപാട് മാറ്റിയെങ്കിലും സ്വീകാര്യമല്ലെന്ന നയം കോൺഗ്രസ് കടുപ്പിച്ചു. പാർലമെൻ്റ് കവാടം വരെ എത്തിയ സിജെപി പ്രതിഷേധത്തിന് ഒടുവിൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതും ബീഹാറിലെ പ്രശാന്ത് കിഷോറിൻ്റെ വിജയവും പാർലമെൻ്റിലെ സർക്കാർ നീക്കങ്ങളെയും ബാധിച്ചു. മണ്ഡല പുനർനിർണ്ണയവും എഫ്സിആർഎ ഭേദഗതിയുമായിരുന്നു അജണ്ടയിലെ ഒന്നും രണ്ടും വിഷയങ്ങളെങ്കിലും, രണ്ടും സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. ചാഞ്ചാടി നിന്ന ഡിഎംകെയും, എൻസിപി ശരദ് പവാർ പക്ഷവും മാറിയ അന്തരീക്ഷത്തില്‍ സർക്കാരിനോട് ചേർന്നു നില്‍ക്കാൻ മടിച്ചു. ഒത്തുതീർപ്പില്ലാതെ വർഷകാല സമ്മേളനം അവസാനിക്കുമ്പോൾ സർക്കാര്‍ പ്രതിപക്ഷ ഭിന്നത ഇനി തെരുവിൽ തുടരാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; അക്രമി വാൾ വീശിയത് ഗുരുദ്വാരയിൽ എത്തിയപ്പോൾ
എയർ ഇന്ത്യയുടെ നിർണായക നീക്കം; പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം