ഹോസ്റ്റലിൽ വിദ്യാർത്ഥി പീഢിപ്പിക്കപ്പെട്ടെന്ന സമൂഹമാധ്യമ പ്രചാരണത്തിന് പിന്നാലെ പഞ്ചാബ് ലൗലി സർവകലാശാല ക്യാമ്പസിൽ വീണ്ടും സംഘർഷം
പഞ്ചാബ്: ഹോസ്റ്റലിൽ വിദ്യാർത്ഥി പീഢിപ്പിക്കപ്പെട്ടെന്ന സമൂഹമാധ്യമ പ്രചാരണത്തിന് പിന്നാലെ പഞ്ചാബ് ലൗലി സർവകലാശാല ക്യാമ്പസിൽ വീണ്ടും സംഘർഷം. പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. പോലീസ് വാഹനങ്ങൾ സംഘർഷത്തില്‍ തകർത്തു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പിന്നാലെ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ അവിടെ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ പീഡിപ്പിച്ചു എന്നായിരുന്നു വ്യാജ പ്രചാരണം. സംഭവം പുറത്തു വരാതിരിക്കാൻ സർവകലാശാല പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചുവെന്നും, ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു എന്നും സന്ദേശങ്ങൾ പ്രചരിച്ചു. ശബ്ദസന്ദേശവും വ്യാപകമായി പ്രചരിച്ചതോടെ ക്യാമ്പസിൽ പുലർച്ചെ മുതൽ വലിയ സംഘർഷമുണ്ടായി. പ്രധാന കെട്ടിടങ്ങളിലെ ജനചില്ലുകളും മറ്റും വിദ്യാർത്ഥികൾ അടിച്ച് തകർത്തു. കെട്ടിടങ്ങൾക്കും വാഹങ്ങൾക്കും തീ ഇട്ട് നശിപ്പിച്ചു. വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. നിലവില്‍ വീണ്ടും സംഘർഷാവസ്ഥയിലാണ് ക്യാമ്പസ്.
വിദ്യാർത്ഥികൾക്ക് പുറമെ പുറത്ത് നിന്നുള്ളവരും സംഘർഷത്തിൽ ഉൾപെട്ടിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. സമൂഹമാധ്യമ സന്ദേശങ്ങൾ വ്യാജമെന്ന് പോലീസ് അറിയിച്ചു. തുടർന്ന് സർവകലാശാലയും വിശദീകരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം തകർക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നു എന്നും , ഒരു വിദ്യാർത്ഥിക്ക് പോലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സർവകലാശാല പ്രസ്താവനയിലൂടെ അറിയിച്ചു. സംഘർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സർവകലാശാലയിൽ ഉണ്ടായത്. ശബ്ദ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്നും പോലീസ് പരിശോധിക്കും. ദിവസങ്ങൾക്ക് മുൻപ് പഞ്ചാബിലെ പട്യാല ചിത്കാര സർവകലാശാലയിലും ഇതുപോലെ സംഭവിച്ചിരുന്നു. ക്യാംപസിൽ യക്ഷിയെ കണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥികൾ പോലീസ് വാഹനം തല്ലി തകർത്തിരുന്നു.


