ഗുവാഹത്തിയിൽ കോക്ക്രോച്ച് ജനതാ പാർട്ടിയുടെ വോളന്റിയർ മീറ്റിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകി അദ്ദേഹത്തെയും 35 പ്രവർത്തകരെയും പോലീസ് വിട്ടയച്ചു. തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് സിജെപി വ്യക്തമാക്കി.
ഗുവാഹത്തി: സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു. ഗുവാഹത്തിയിൽ നടത്താനിരുന്ന കോക്ക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയർ മീറ്റിൽ പങ്കെടുക്കാൻ എത്തിയ വേളയിലായിരുന്നു അശുതോഷ് റാങ്കയെ കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന 35 പ്രവർത്തകരെയും വിട്ടയച്ചതായി സി ജെ പി അറിയിച്ചു. പരിപാടി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, ഇന്ന് രാവിലെയാണ് അശുതോഷിനെ അസം പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടി നടക്കേണ്ടിയിരുന്ന മൈതാനത്ത് ബാരിക്കേഡുകൾ വെച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ്, വേദിക്കുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ബലമായി പുറത്താക്കുകയും ചെയ്തു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായുണ്ടായത്. തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പോരാട്ടം തുടർന്നുതന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും സി ജെ പി വ്യക്തമാക്കി. രാത്രി വൈകിയതോടെയാണ് അശുതോഷിനെയും 35 പ്രവർത്തകരെയും പൊലീസ് വിട്ടയച്ചത്.


