
ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിൽ ബിജെപി - ബിജെഡി സഖ്യമില്ല. ഒറ്റക്ക് മത്സരിക്കാൻ ബിജെഡിയും ബിജെപിയും തീരുമാനിച്ചു. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കും. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെഡിയുടെ പ്രഖ്യാപനവും പുറത്തുവന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനുഗ്രഹത്താൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെഡി പറയുന്നു. ഇതോടെ സംസ്ഥാനത്ത് ത്രികോണപ്പോരാട്ടം ഉറപ്പായി.
ഒഡീഷയില്‍ സഖ്യ പ്രഖ്യാപനത്തിന് തൊട്ടരികെ നില്‍ക്കെയാണ് സീറ്റുകളെ ചൊല്ലിയുള്ള തർക്കം ഇരു പാര്‍ട്ടികളെയും അകറ്റിയത്. ഭുവനേശ്വർ, പുരി ലോക്സഭാ മണ്ഡലങ്ങളെ ചൊല്ലിയാണ് ബിജെപി-ബിജെഡി പാര്‍ട്ടികള്‍ തമ്മില്‍ തർക്കം ഉണ്ടായത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ അടുപ്പക്കാരായ വി കെ പാണ്ഡ്യനും പ്രണബ് പ്രകാശ് ദാസും ദില്ലിയില്‍ എത്തി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിച്ചില്ല.
പിന്നാലെ സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമാല്‍ ബിജെഡി ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക് മത്സരിക്കുകയാണെന്ന് പറയുകയും ചെയ്തു. പുരിയും ഭുവനേശ്വറും ബിജെപിയും ബിജെഡിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭുവനേശ്വർ ബിജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തിരുന്നു. പുരിയില്‍ പതിനൊന്നായിരം വോട്ടിൻറെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെഡിയോട് ബിജെപി തോറ്റത്. അതേസമയം ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യ പ്രഖ്യാപനം ഉടനുണ്ടായേക്കും.