തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍; പയറ്റ് ഓണ്‍ലൈനില്‍, ആയിരക്കണക്കിന് കോടികളൊഴുകും, ഇന്‍ഫ്ലൂവന്‍സേഴ്സിന് ചാകര

By Web TeamFirst Published Mar 28, 2024, 9:39 AM IST
Highlights

ഇത്തവണ 3000-4000 കോടി രൂപ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചിലവഴിക്കപ്പെടും എന്നാണ് കരുതുന്നത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ രാഷ്ട്രീയ പരസ്യങ്ങളില്‍ 60 ശതമാനം വരെ വളർച്ചയുണ്ടായേക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. 2019ല്‍ നിന്ന് 20 മുതല്‍ 60 ശതമാനം വരെ വളർച്ചയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും വിട്ട് ഓണ്‍ലൈന്‍ പരസ്യങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാവും ലോക്സഭ തെരഞ്ഞെടുപ്പ് 2024. 

കാലം മാറിയതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പരസ്യ രീതികളും മാറുകയാണ്. ഇത്തവണ ആകെ 3000-4000 കോടി രൂപ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചിലവഴിക്കപ്പെടും എന്നാണ് കരുതുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇത് 2500 കോടിയോളം രൂപയായിരുന്നു. ആകെ പരസ്യ ചിലവിന്‍റെ 60 ശതമാനം എങ്കിലും ഡിജിറ്റല്‍ മീഡിയക്കായാണ് 2024ല്‍ ചിലവഴിക്കപ്പെടുക എന്നാണ് കണക്കുകൂട്ടല്‍. 2019ല്‍ പ്രധാനമായും ടിവി, പത്രം, റേഡിയോ, ഒഒഎച്ച് പ്ലാറ്റ്ഫോമുകള്‍ വഴിയാണ് കൂടുതല്‍ പരസ്യം ചെയ്തിരുന്നത്. 

Read more: കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; ഈ തിയതികളും വിവരങ്ങളും കുറിച്ചുവച്ചോളൂ

വിവിധ രാഷ്ട്രീയ പാർട്ടികള്‍ ഇതിനകം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വലിയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ബിജെപി 1.3 കോടി രൂപയോളം രൂപ മെറ്റയില്‍ മാത്രം പരസ്യം ചെയ്യാന്‍ മുടക്കി എന്നാണ് മെറ്റ ആഡ് ലൈബ്രറി വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2586 പരസ്യങ്ങള്‍ ബിജെപി മെറ്റയില്‍ ചെയ്തു. ഇതേസമയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 20 പരസ്യങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് ചിലവഴിച്ചത്. രാഹുല്‍ ഗാന്ധി മാത്രം 100 പരസ്യങ്ങള്‍ക്കായി 32 ലക്ഷം രൂപ മുടക്കി. തൃണമൂല്‍ കോണ്‍ഗ്രസ് 36 ലക്ഷത്തിലധികം രൂപയും ടിഡിപി അഞ്ച് ലക്ഷത്തോളം രൂപയും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി ഇക്കാലയളവില്‍ ചിലവാക്കിയിട്ടുണ്ട്. 

ഡിജിറ്റല്‍ പരസ്യങ്ങളില്‍ 25 ശതമാനത്തോളം വിവിധ പാർട്ടികള്‍ ഇന്‍ഫ്ലൂവന്‍സേഴ്സ് മാർക്കറ്റിംഗിനാണ് ചിലവഴിക്കാന്‍ സാധ്യത. 19നും 29നും ഇടയില്‍ പ്രായമുള്ള യുവവോട്ടർമാരെ ലക്ഷ്യമിട്ടാണ് ഇന്‍ഫ്ലൂവന്‍സേഴ്സ് വഴി തെരഞ്ഞെടുപ്പ് മാർക്കറ്റിംഗ് നടക്കുന്നത്. പല പ്രമുഖ നേതാക്കളുടെയും അഭിമുഖങ്ങള്‍ ഇന്‍ഫ്ലൂവന്‍സേഴ്സ് വഴി വന്നുകഴിഞ്ഞു. ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാമും യൂട്യൂബും ട്വിറ്ററും വാട്സ്ആപ്പും വലിയ തോതില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള പ്ലാറ്റ്ഫോമുകളായി ഉപയോഗിക്കപ്പെടും. 

Read more: നൂറ് സിറ്റിംഗ് എംപിമാർക്ക് സീറ്റ് നല്‍കാതെ ബിജെപി; എന്താണ് പിന്നിലെ തന്ത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!