കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സിറ്റിംഗ് എംപിമാർക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024നായി ആറാംഘട്ട സ്ഥാനാർഥി പട്ടികയും ഭരണ പാർട്ടിയായ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. ബിജെപിയില്‍ ഇത്തവണ കുറഞ്ഞത് നൂറ് സിറ്റിംഗ് എംപിമാർക്കാണ് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വരിക. പുതുമുഖങ്ങളെ ഇറക്കി 400 സീറ്റ് ടാർഗറ്റ് ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കം. 

'400 സീറ്റ് നേടുക', 2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് ഈ ഹിമാലയന്‍ ലക്ഷ്യവുമായാണ്. ആറാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവും കഴിഞ്ഞപ്പോള്‍ നിരവധി സിറ്റിംഗ് എംപിമാർ പട്ടികയ്ക്ക് പുറത്തായി. കുറഞ്ഞത് നൂറ് സിറ്റിംഗ് എംപിമാർക്കാണ് ഇത്തവണ ബിജെപി സീറ്റ് നല്‍കാതിരിക്കുന്നത്. 2019ലും ഇതുതന്നെയായിരുന്നു ബിജെപിയുടെ തന്ത്രം. അന്ന് 99 സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചില്ല. ഇക്കുറി ഈ സംഖ്യ മറികടക്കും എന്നാണ് വിലയിരുത്തലുകള്‍. വിജയസാധ്യതയ്ക്കൊപ്പം പുതുമുഖങ്ങള്‍ക്കും മറ്റ് പാർട്ടികളില്‍ നിന്ന് വരുന്നവർക്കും അവസരം നല്‍കുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. 

Read more: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒരേസമയം; ഒരുങ്ങി ഒഡിഷ, സഖ്യാലോചന പൊളിഞ്ഞു, ബിജെഡി- ബിജെപി നേർക്കുനേർ അങ്കം

ഇത്തവണ ഇതുവരെ 405 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ മത്സരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് സിറ്റിംഗ് എംപിമാർ പലരെയും ഒഴിവാക്കുന്നത് എന്നാണ് റിപ്പോർട്ട്. വ്യക്തികള്‍ക്കല്ല, പാർട്ടി ചിഹ്നത്തിനാണ് പ്രധാന്യം നല്‍കേണ്ടത് എന്ന് പ്രധാനമന്ത്രി പല റാലികളിലും പാർട്ടി പ്രവർത്തകരോട് പറഞ്ഞിരുന്നു. അതേസമയം വിജയസാധ്യത പരിഗണിച്ച് മുന്‍ മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദർ യാദവ് എന്നിവരെ മത്സരിപ്പിക്കാന്‍ മോദി തന്നെ മുന്‍കൈ എടുക്കുകയും ചെയ്തിട്ടുണ്ട്. 

Read more: കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; ഈ തിയതികളും വിവരങ്ങളും കുറിച്ചുവച്ചോളൂ

മുന്‍ മുഖ്യമന്ത്രിമാരെ ഇറക്കി സംസ്ഥാനങ്ങളില്‍ വോട്ട് പിടിക്കാനുള്ള തന്ത്രവും ബിജെപി മെനഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ ശിവ്‍രാജ് സിംഗ് ചൗഹാനും ഹരിയാനയില്‍ മനോഹർ ലാല്‍ ഖട്ടറും മത്സരിക്കുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് അടുത്തിടെ എത്തിയവർക്കും ബിജെപി സീറ്റ് നല്‍കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം