
നാന്ദേഡ്: ജാതി വ്യത്യാസത്തിൻ്റെ പേരിൽ കുടുംബം എതിർത്തതിനെ തുടർന്ന് കൊലചെയ്യപ്പെട്ട യുവാവിൻ്റെ മൃതദേഹത്തിൽ മഞ്ഞൾ ചാര്‍ത്തി സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹം ചെയ്ത് പ്രതികാരം തീർത്ത് കാമുകി. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ദുരഭിമാനക്കൊലയുടെ എല്ലാ വേദനകളും പേറുന്ന ഈ സംഭവം നടന്നത്. 20 വയസ്സുകാരനായ സക്ഷം ടേറ്റും കാമുകി ആഞ്ചലും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ആഞ്ചലിൻ്റെ സഹോദരങ്ങൾ വഴിയാണ് ടേറ്റിനെ പരിചയപ്പെട്ടതും അടുപ്പം വളർന്നതും. എന്നാൽ ഇരുവരുടെയും ജാതികൾ തമ്മിലുള്ള വ്യത്യാസം കാരണം ആഞ്ചലിൻ്റെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തു. നിരവധി ഭീഷണികളുണ്ടായിട്ടും ആഞ്ചൽ ടേറ്റുമായുള്ള ബന്ധം തുടർന്നു.
ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് മനസ്സിലാക്കിയതോടെ ആഞ്ചലിൻ്റെ സഹോദരങ്ങളും പിതാവും ചേർന്ന് ടേറ്റിനെ ആക്രമിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ടേറ്റിനെ ക്രൂരമായി മർദിക്കുകയും തലയിൽ വെടിവയ്ക്കുകയും പിന്നീട് കല്ലുകൊണ്ട് തല ചതയ്ക്കുകയും ചെയ്തു. ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ടേറ്റിൻ്റെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് ആഞ്ചൽ ടേറ്റിൻ്റെ വീട്ടിലെത്തിയത്. അവിടെ വെച്ച്, മരിച്ച കാമുകൻ്റെ മൃതദേഹത്തിൽ മഞ്ഞൾ ചാർത്തുകയും സ്വന്തം നെറ്റിയിൽ സിന്ദൂരം അണിയുകയും ചെയ്ത് ആഞ്ചൽ ടേറ്റിനെ വിവാഹം കഴിച്ചു. തൻ്റെ ജീവിതകാലം മുഴുവൻ ഒരു മരുമകളായി ടേറ്റിൻ്റെ വീട്ടിൽ കഴിയാനാണ് യുവതിയുടെ തീരുമാനം. 'സക്ഷമിൻ്റെ മരണത്തിലും ഞങ്ങളുടെ പ്രണയം ജയിച്ചു, എൻ്റെ അച്ഛനും സഹോദരങ്ങൾക്കും തോറ്റു,' എന്ന് ആഞ്ചൽ പറഞ്ഞു. ടേറ്റിൻ്റെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. ടേറ്റ് മരിച്ചെങ്കിലും തങ്ങളുടെ പ്രണയം ജീവനോടെയുണ്ടെന്നും അതുകൊണ്ടാണ് വിവാഹം കഴിച്ചതെന്നും ആഞ്ചൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam