
ബെംഗളൂരു: കർണാടകയിലെ ദാവൺഗരെയിൽ പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസുകാർ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ ബന്ധുക്കൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നൽകാൻ ബസവപട്ടണ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.
ദാവൺഗരെയിലെ കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ദേഷ് ലീലാവതി എന്ന പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. പിന്നാലെ ഭീഷണി കടുത്തതോടെ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെട്ടു. എസ്പിയുടെ നിർദേശപ്രകാരം പരാതി നൽകാൻ ബസവപട്ടണ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ലീലാവതിയുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു. സംസാരത്തിനിടയിൽ എസ്ഐ ഫോൺ വന്ന് പുറത്തിറങ്ങിയ സമയത്താണ് അമ്മാവൻ നാഗരാജ് ഇരുവരെയും ആക്രമിച്ചത്. കൈവശം കരുതിയിരുന്ന കത്തിയെടുത്ത് സിദ്ധേഷിന്റെ കയ്യിൽ വെട്ടിയ നാഗരാജ്, ലീലാവതിയെയും ആക്രമിക്കാൻ മുതിർന്നെങ്കിലും പൊലീസുകാർ തടയുകയായിരുന്നു. വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങിയ സിദ്ധേഷിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സിദ്ധേഷിനെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിദ്ധേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സിദ്ധേഷിനെ ആശുപത്രിയിലെത്തിക്കുമ്പോഴും പിന്തുടർന്ന സംഘം അവിടെ വച്ചും പൊലീസിനെ കാഴ്ചക്കാരാക്കി ഭീഷണി മുഴക്കി.
ഈ സമയം പരാതി നൽകരുതെന്ന് പൊലീസുകാരിൽ ചിലർ ആവശ്യപ്പെട്ടതായും ലീലാവതി ആരോപിച്ചു. ആക്രമണം നടത്തിയ നാഗരാജിനെയും സഹോദരൻ മഞ്ജുനാഥിനെയും ഉന്നത ഇടപെടലിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ധേഷിനും ലീലാവതിക്കും സംരക്ഷണം ഏർപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam