ചെന്നൈ സ്വദേശി വർധമാൻ ജയിൻ ആണ് വഴിപാട് സമർപ്പിച്ചത്. 9 സെറ്റുകളായി 45 ആഭരണങ്ങളാണ് സംഭാവന നൽകിയത്.
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ. 121 കിലോ സ്വർണാഭരണങ്ങളാണ് സംഭാവനയായി നൽകിയത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സംഭാവനയാണ് ഇത്. ചെന്നൈ സ്വദേശി വർധമാൻ ജയിൻ ആണ് വഴിപാട് സമർപ്പിച്ചത്. 9 സെറ്റുകളായി 45 ആഭരണങ്ങളാണ് സംഭാവന നൽകിയത്. ഇവയുടെ ഏകദേശ മൂല്യം 150 കോടി രൂപയിലേറെ വില വരും. സംഭാവന വിവരം പുറത്തുവന്നിരുന്നെങ്കിലും ജയിനിന്റെ പേര് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് സംഭാവന കൈമാറിയത്. പ്രതിഷ്ഠയിൽ അണിയിക്കുന്നതിനായി പ്രത്യേകമായി ഡിസൈൻ ചെയ്തവയാണ് ഈ ആഭരണങ്ങളെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ശ്രീവരി കിരീടം, പദ്മ പാഡലു അടക്കമുള്ളവയാണ് ആഭരണങ്ങൾ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിആർടി ജ്വല്ലറിയാണ് ആഭരണങ്ങൾ നിർമ്മിച്ചത്. കനത്ത സുരക്ഷയിൽ ഇവ തിരുപ്പതിയിലെത്തിച്ചതും ജ്വല്ലറി ജീവനക്കാരാണ്. വെള്ളിയാഴ്ച മുതൽ പ്രതിഷ്ഠയിൽ പുതിയ ആഭരണങ്ങൾ അണിയിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.
















