'ദമ്പതികൾക്കും കമിതാക്കൾക്കുമെല്ലാം ഒരുമിച്ച് സൗജന്യമായി യാത്ര ചെയ്യാം': എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ച് മുൻ മന്ത്രി

Published : Jan 22, 2026, 02:27 PM IST
 AIADMK election promise

Synopsis

ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന

ചെന്നൈ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ, സർക്കാർ ബസുകളിൽ ഭർത്താക്കന്മാർക്ക് ഭാര്യമാർക്കൊപ്പവും യുവാക്കൾക്ക് അവരുടെ കാമുകിമാർക്കൊപ്പവും സൌജന്യമായി യാത്ര ചെയ്യാമെന്ന് മുൻ തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ശിവകാശിയിലെ പാവാടി തോപ്പിൽ എഐഎഡിഎംകെ വനിതാ വിഭാഗം സംഘടിപ്പിച്ച എംജിആർ ജന്മവാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ബാലാജി. ബസുകളിൽ പുരുഷന്മാർക്കും സൗജന്യ യാത്രയെന്ന അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പരാമർശിച്ചാണ് രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന.

ഡിഎംകെയെ പരാജയപ്പെടുത്തി എഐഎഡിഎംകെ സർക്കാർ രൂപീകരിക്കുമെന്നും മെയ് 5ന് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും രാജേന്ദ്ര ബാലാജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിഎംകെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എതിർ കക്ഷികളുടെ അവകാശവാദം തള്ളിക്കളഞ്ഞ അദ്ദേഹം, എടപ്പാടി പളനിസ്വാമിക്ക് മാത്രമേ എംജിആർ ശൈലിയിലുള്ള ഭരണം തിരികെ കൊണ്ടുവരാൻ കഴിയൂ എന്ന് തറപ്പിച്ചു പറഞ്ഞു. എഐഎഡിഎംകെ ഇതിനകം പ്രഖ്യാപിച്ച ആദ്യ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഡിഎംകെയെ വിറപ്പിച്ചു കഴിഞ്ഞതായും ബാലാജി കൂട്ടിച്ചേർത്തു.

ഡിഎംകെ സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പദ്ധതിയെ പരിഹസിച്ച ബാലാജി, ഈ പദ്ധതി കുടുംബങ്ങളെ ഭിന്നിപ്പിച്ചെന്നും ഭർത്താവിനെയും ഭാര്യയെയും വ്യത്യസ്ത ബസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാക്കിയെന്നും ആരോപിച്ചു- "എഐഎഡിഎംകെ ഭരണത്തിൽ ഭർത്താവിനും ഭാര്യയ്ക്കും ഒരേ ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം. യുവാക്കൾക്ക് അവരുടെ കാമുകിമാർക്കൊപ്പവും സൗജന്യമായി യാത്ര ചെയ്യാം" - കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

ഡിഎംകെ സർക്കാരിന് കീഴിൽ കഴിഞ്ഞ 60 മാസമായി ഗുണഭോക്താക്കൾക്കൊന്നും പ്രതിമാസ ധനസഹായം ലഭിച്ചിട്ടില്ലെന്നും രാജേന്ദ്ര ബാലാജി കുറ്റപ്പെടുത്തി. എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 210 നിയമസഭാ സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. നാളെ ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെ, ബിജെപി നേതാക്കൾ വേദി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ