Asianet News MalayalamAsianet News Malayalam

NEET Exam Topper| സ്വയം പഠിച്ച് നേടിയ അഞ്ചാം റാങ്കുമായി ഹൃതുൽ; ദിവസം 12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു

തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും ആത്മനിയന്ത്രണവും കഠിനാധ്വാനവും കൃത്യമായ പഠനവും വഴി നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടാൻ ഹൃതുലിന് സാധിച്ചു. 

Hrutul fifth rank NEET examination self study
Author
Delhi, First Published Nov 6, 2021, 3:32 PM IST

​ദില്ലി:  ആത്മവിശ്വാസവും കഠിനപരിശ്രമവും കൃത്യമായ പഠനവുമാണ് നീറ്റ് പരീക്ഷയിലെ (NEET Exam 2021) ഉന്നത വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന് നീറ്റ് അഞ്ചാം റാങ്ക് നേടിയ (Hrutul Chhag) ഹൃതുൽ ഛാ​ഗ്. ​ഗുജറാത്തിലെ ​ഗീർ സോമനാഥിലെ കൊഡിനാറിൽ നിന്ന് താമസം മാറിയപ്പോൾ ഹൃതുലിന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥലം അന്വേഷിക്കേണ്ടതായി വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൃതുലിന്റെ കുടുംബം സ്വദേശത്തേക്ക് മടങ്ങിയെത്തി. ഈ മാറ്റം മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് വേണ്ടി കൂടുതൽ തയ്യാറെടുപ്പുകൾ നടത്താൻ തടസ്സമായി എന്ന് പതിനെട്ടുകാരനായ ഹൃതുൽ വ്യക്തമാക്കുന്നു. സമപ്രായക്കാരായ വിദ്യാർത്ഥികളുമായി മത്സരപരീക്ഷക്ക് തയ്യാറെടുക്കണമെന്നായിരുന്നു ഹൃതുലിന്റെ ആ​ഗ്രഹം. എന്നാൽ വീട്ടിലിരുന്ന ഓൺലൈൻ ക്ലാസുകളിലൂടെ പഠിക്കാനേ ഈ വിദ്യാർത്ഥിക്ക് സാധിച്ചുള്ളൂ. 

തുടക്കത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും ആത്മനിയന്ത്രണവും കഠിനാധ്വാനവും കൃത്യമായ പഠനവും വഴി നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടാൻ ഹൃതുലിന് സാധിച്ചു. വീട്ടിലിരുന്ന് പഠിക്കുന്ന സമയത്ത് കൃത്യമായ ദിനചര്യയിലൂടെയാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്. ദിവസവും 10-12 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മുൻ ചോദ്യപേപ്പറുകൾ പരിശീലിച്ചായിരുന്നു പഠനം. കൊവിഡിനെ തുടർന്ന് കോച്ചിം​ഗ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. നേരിട്ടുള്ള ആശയവിനിമയത്തെയും സംശയനിവാരണത്തെയും ഇത് സാരമായി ബാധിച്ചു. എന്നാലും വീട്ടിലിരുന്ന കഠിനമായി അധ്വാനിച്ച് പഠിക്കാൻ തീരുമാനിച്ചു. ന്യസ് 18 ഡോട്ട്കോമിനോട് സംസാരിക്കവേ ഹൃതുൽ പറഞ്ഞു. 

ഇന്റർനെറ്റ് ഉപയോ​ഗം കുറച്ചും സോഷ്യൽ മീഡിയ സാന്നിദ്ധ്യം ഒഴിവാക്കിയുമായിരുന്നു തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചില സംശയങ്ങൾ ദുരീകരിക്കാനും സുഹൃത്തുക്കളിൽ നിന്ന് നോട്ട്സ് വാങ്ങാനും വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയ ഉപയോ​ഗിച്ചതെന്ന് ഹൃതുൽ പറയുന്നു. 720 ൽ 715 മാർക്ക് നേടിയാണ് ഹൃതുൽ നീറ്റ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയത്. ഈ കുടുംബത്തിൽ നിന്ന് ആദ്യമായി മെഡിക്കൽ പ്രവേശനം നേടിയ ഹൃതുൽ ബിരുദപഠനത്തിനായി ദില്ലി എയിംസിൽ ചേരാൻ തയ്യാറെടുക്കുകയാണ്. മെഡിക്കൽ പ്രൊഫഷൻ തെരഞ്ഞെടുത്ത് ഡോക്ടറാകാനാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്നും ഹൃതുൽ പറഞ്ഞു. പത്താം ക്ലാസ് മുതൽ ഇതിനായി തയ്യാറെടുത്തു തുടങ്ങി. 

അംബുജ ന​ഗറിലെ അംബുജ വിദ്യാനികേതനിൽ നിന്നാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. രാജ്കോട്ടിലെ കൃഷ്ണ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് 12ാം ക്ലാസ് പൂർത്തിയാക്കി. 99.4 ശതമാനം മാർക്കോടെയാണ് പന്ത്രണ്ടാം ക്ലാസ് വിജയിച്ചത്. ''പഠനത്തിനായി എൻസിഇആർടി പുസ്തകങ്ങളാണ് ആശ്രയിച്ചത്. ചോദ്യങ്ങൾ പരിശീലിച്ച് പഠിക്കുന്നതാണ് ഉത്തമം. ഒരു തവണ നീറ്റ് നേടാൻ സാധിച്ചില്ലെങ്കിലും തളരാതെ മുന്നോട്ട് പോകുക. പരിശീലനവും സ്ഥിരോത്സാഹവുമാണ് പ്രധാനം. നന്നായി പഠിച്ചാൽ മികച്ച വിജയം നേടാൻ സാധിക്കും.'' ഹൃതുലിന്റെ വാക്കുകൾ.  


 

Follow Us:
Download App:
  • android
  • ios