ലെഫ്. ജനറൽ അനിൽ ചൗഹാൻ പുതിയ സിഡിഎസ്; രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു

By Web TeamFirst Published Sep 30, 2022, 10:15 AM IST
Highlights

എല്ലാ പ്രതിബന്ധങ്ങളെയും നമ്മൾ മറികടക്കും, അഭിമാനത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്ന് ലെഫ്. ജനറൽ അനിൽ ചൗഹാൻ 

ദില്ലി:  ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി. ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തത്. ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അ‌ർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. പ്രഥമ സിഡിഎസ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് 9 മാസങ്ങൾക്ക് ശേഷമാണ് ആ സ്ഥാനത്തേക്ക് ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിക്കുന്നത്. സിഡിഎസിനൊപ്പം സൈനികകാര്യ സെക്രട്ടറി പദവിയും ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. അഗ്നിപഥ് പദ്ധതി നടപ്പാക്കല്‍, ഇന്ത്യ - ചൈന അതിർത്തിയിലെ കമാണ്ടർതല ചർച്ചകൾ എന്നിവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം. 

'സർക്കാരിനും ജനങ്ങൾക്കും നന്ദി'

പുതിയ നിയോഗത്തിൽ സർക്കാരിനും ജനങ്ങൾക്കും നന്ദിയെന്ന് സംയുക്ത സൈനിക മേധാവി ലെഫ്. ജനറൽ അനിൽ ചൗഹാൻ. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ മറികടക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും നമ്മൾ മറികടക്കും. അഭിമാനത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്ന് സേനകളുടെയും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പ്രവർത്തിക്കുമെന്നും സിഡിഎസ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.

ലെഫ്. ജനറല്‍ പദവിയിൽ വിരമിച്ചവരെയും സംയുക്ത സൈനിക മേധാവിയായി നിയമിക്കാമെന്ന് കേന്ദ്രം ജൂണില്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരമാണ് വിരമിച്ച ശേഷം  ലെഫ്. ജനറല്‍ അനിൽ ചൗഹാൻ, സിഡിഎസ് ആയി നിയമിതനാകുന്നത്. കിഴക്കന്‍ സൈനിക കമാന്‍ഡ് മേധാവിയായിരിക്കെ 2021 മെയിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. നാല്‍പത് വർഷത്തോളം നീണ്ട സൈനിക സേവനത്തിനിടെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിർണായക മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 1981ലാണ് ഉദ്യോഗസ്ഥനായി സൈന്യത്തില്‍ ചേർന്നത്. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടർ ജനറല്‍ സ്ഥാനമടക്കമുള്ള നിർണായക പദവികളും വഹിച്ചിട്ടുണ്ട്.

2021 ഡിസംബറിലാണ് ഊട്ടിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ രാജ്യത്തെ പ്രഥമ സിഡിഎസ് ആയിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് 11 പേരും അപകടത്തിൽ മരിച്ചു. 

click me!