
ഭോപ്പാൽ: പൊലീസ് കോൺസ്റ്റബിളിൻ്റെ പിറന്നാൾ ദിനത്തിലെ നൃത്തത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ മധ്യപ്രദേശിൽ എഎസ്ഐക്ക് സസ്പെൻഷൻ. ദാതിയ ജില്ലാ ആസ്ഥാനത്തെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സഞ്ജീവ് ഗൗഡിനെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന കുറ്റത്തിലാണ് ദാതിയ പോലീസ് സൂപ്രണ്ട് സൂരജ് വർമ്മ എഎസ്‌ഐയെയും കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
സെപ്റ്റംബർ 2 ന് കോൺസ്റ്റബിൾ രാഹുൽ ബൗദിന്റെ പിറന്നാൾ നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ച് പൊലീസുകാർ ആഘോഷിച്ചിരുന്നു. ഈ പരിപാടിയിലേക്ക് ബാർ നർത്തകരായ രണ്ട് സ്ത്രീകളെയും വിളിച്ചുവരുത്തിയിരുന്നു. ഇവർക്കൊപ്പമുള്ള നൃത്തത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായി. വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് സേനയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.
സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ശിവപുരി ജില്ലയിലെ ഭൗന്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജിതേന്ദ്ര ജാട്ട് ഗുണ്ടാസംഘത്തോടൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വിചാരണത്തടവുകാരൻ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ട ഗാനത്തിനാണ് നൃത്തം ചെയ്തത്. അന്ന് ശിവപുരി പോലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡാണ് നടപടി സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam