
ദില്ലി: മധ്യപ്രദേശ് കോൺഗ്രസിലെ പ്രതിസന്ധി തീർക്കാൻ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. സോണിയാഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക.
പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടാണ് പ്രതിസന്ധിക്ക് കാരണം. ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. സിന്ധ്യയെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടു. കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തിയിരുന്നു.
സിന്ധ്യയുടെ ആവശ്യത്തിൽ മുഖ്യമന്തി കമൽനാഥിനു കൂടി സ്വീകാര്യമായ പ്രതിവിധി തേടുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യുക. സിന്ധ്യയും കമൽ നാഥിന്റെ നോമിനിയും അല്ലാതെ മൂന്നാമത് ഒരാൾ എന്ന സാധ്യത കൂടികാഴ്ചയിൽ സോണിയ ഗാന്ധി മുന്നോട്ട് വച്ചേക്കും. മുൻ മുഖ്യമന്ത്രി അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിന്റെ പേരാണ് ഹൈക്കമാന്‍റിന്‍റെ പരിഗണനയിലുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ചക്ക് ശേഷം കമൽനാഥിനെയും സോണിയ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തില്‍ അസ്വസ്ഥയായ സോണിയ ഗാന്ധി നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ അച്ചടക്ക സമിതി അധ്യക്ഷൻ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പാർട്ടി തീരുമാനം. വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എ കെ ആന്റണിയോട് സോണിയ ആവശ്യപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഇതുകൂടാതെ കോൺഗ്രസിനുള്ളിലെ അധികാരപ്പോര് എത്രയും വേഗം പരിഹരിക്കാൻ സംസ്ഥാന ഘടകത്തിന് സോണിയ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രി ഉമങ് സിംഘർ നടത്തിയ ആരോപണം സംസ്ഥാന ഘടകത്തിൽ ചേരിപ്പോരിനു വഴിവച്ച സാഹചര്യത്തിലാണ് സോണിയയുടെ നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam