
ഭോപ്പാൽ: സഹോദരിമാരായ മൂന്ന് കുട്ടികൾ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു. മധ്യപ്രദേശിലെ ഛത്തർപുരിലാണ് ദുരൂഹമായ സംഭവം. രാത്രി കഴിച്ച ഭക്ഷണത്തിൽനിന്ന് വിഷബാധയേറ്റാണോ മരണം സംഭവിച്ചതെന്നും സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു. മറവുചെയ്ത മൃതദേഹങ്ങൾ പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഛത്തർപുർ പിപോറ ഗ്രാമത്തിലെ ബാലാമുകുന്ദ് കുശ്വയുടെ മൂന്ന് മക്കളാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒൻപത് വയസ്സുള്ള പൂനം, അഞ്ചുവയസ്സുകാരി മനീഷ, ഒൻപത് മാസം പ്രായമുള്ള ഛാഹത് എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ ബാലാമുകുന്ദിന് രണ്ട് പെൺമക്കൾ കൂടിയുണ്ട്.
വെള്ളിയാഴ്ച രാത്രി വഴുതനങ്ങ കൊണ്ടുള്ള വിഭവമായ ബ്രിൻജാൽ ബാർത്തയും റൊട്ടിയുമാണ് കുട്ടികൾ കഴിച്ചത്. പതിനഞ്ചോളം അംഗങ്ങളുള്ള ബാലാമുകുന്ദിന്റെ കൂട്ടുകുടുംബത്തിലെ മറ്റുള്ളവരും ഇതേ ഭക്ഷണം തന്നെയാണ് കഴിച്ചത്. എന്നാൽ, ശനിയാഴ്ച രാവിലെ ബാലാമുകുന്ദിന്റെ മൂന്ന് മക്കൾക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
രാവിലെ ചായ കുടിച്ചതിന് പിന്നാലെയാണ് ഒൻപതുവയസ്സുള്ള പൂനത്തിന് ഛർദി ആരംഭിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനുപിന്നാലെ രാവിലെ 8.45-ഓടെ അഞ്ചുവയസ്സുകാരിയായ മനീഷയും ഛർദിക്കാൻ തുടങ്ങി. മനീഷയെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. അമ്മ മുലപ്പാൽ നൽകിയതിന് പിന്നാലെയാണ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഈ കുഞ്ഞും മരണപ്പെടുകയായിരുന്നു.
അതേസമയം, വെള്ളിയാഴ്ച രാത്രി ഇതേ ഭക്ഷണം കഴിച്ച വീട്ടിലെ മറ്റുള്ള കുട്ടികൾക്കൊന്നും പ്രശ്നങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമാകാൻ പരിശോധനാഫലങ്ങൾ ലഭ്യമാകണമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam