പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കാൻ വെല്ലുവിളിച്ച് ശിവസേന(യുബിടി) എംപി സഞ്ജയ് റാവത്ത്. വെല്ലുവിളി സ്വീകരിക്കാമെങ്കിൽ ഇതിനായി വേദി ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെയാണ് സഞ്ജയ് റാവത്തിന്റെ വെല്ലുവിളി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കാൻ വെല്ലുവിളിച്ച് ശിവസേന(യുബിടി) എംപി സഞ്ജയ് റാവത്ത്. വെല്ലുവിളി സ്വീകരിക്കാമെങ്കിൽ ഇതിനായി വേദി ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെയാണ് സഞ്ജയ് റാവത്തിന്റെ വെല്ലുവിളി.

''ആദ്യം മോദിജി മുന്നോട്ടുവന്ന് വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ, പക്ഷേ, ടെലിപ്രോംപ്റ്ററിൽ നോക്കരുത്. ജയ്ഷായും മോദിജിയും പിന്നെ അമിത് ഷായും ജിതൻ റാം മാഞ്ചിയും എല്ലാവരും മുഴുവൻ ആലപിക്കട്ടെ. എല്ലാവരും മുംബൈയിലെ ഓ​ഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് വരൂ. അവിടെ ഞങ്ങൾ നിങ്ങൾക്ക് വേദിയൊരുക്കാം. പക്ഷേ, അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല''- സഞ്ജയ് റാവത്ത് പറഞ്ഞു.

ദേശീയ​ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന 1937-ലെ പ്രമേയം പിന്തുടർന്നാൽ മതിയെന്ന് കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ബിജെപി ഇതിനെതിരേ രൂക്ഷവിമർശനവുമായി രം​ഗത്തെത്തി. ഇതുസംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് സഞ്ജയ് റാവത്ത് വന്ദേമാതരം മുഴുവൻ ആലപിക്കാൻ വെല്ലുവിളിച്ച് രം​ഗത്തെത്തിയത്.