
മധുര: കേരളത്തിൽ നിന്ന് കന്യാകുമാരിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ ലോറി തിരികെ നൽകാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. ലോറികൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ബയോമെഡിക്കൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കേവലം പരിസ്ഥിതി പ്രശ്‌നമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് മനുഷ്യന്‍റെ നിലനിൽപ്പിന് ഗുരുതരമായ ഭീഷണിയാകുന്നു. ജൈവ - മെഡിക്കൽ മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും വേണം. മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിക്കുക, കൊണ്ടുപോകുക, സംസ്‌കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങൾ കൊണ്ടുവന്നത്. ബയോ-മെഡിക്കൽ മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ രോഗങ്ങൾ പടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബയോ-മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശദമായ നടപടിക്രമം ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ബയോ മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകരുത്. ബയോ മെഡിക്കൽ മാലിന്യങ്ങൾ 48 മണിക്കൂറിനകം സംസ്കരിച്ചിരിക്കണം. നിയമവിരുദ്ധമായി മാലിന്യം കടത്തിക്കൊണ്ടു വന്ന് തള്ളുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചട്ടം കൃത്യമാണെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മെഡിക്കൽ മാലിന്യം കടത്തുന്നത് പതിവായിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ചെക്ക്‌പോസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സ്വീകരിച്ച നടപടി തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിയമവിരുദ്ധമായി മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളൊന്നും ഇതുവരെ കണ്ടുകെട്ടിയിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ വാഹനങ്ങൾ കണ്ടുകെട്ടി ലേലം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ബയോമെഡിക്കൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, എന്നിവ തള്ളുന്നത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി പൊതുഉത്തരവ് പുറപ്പെടുവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam