
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ചെന്നൈയില്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ കോടതി അനുമതി. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മദ്രാസ് ഹൈക്കോടതി പ്രതിഷേധ റാലിക്ക് എതിരെ ഇന്ത്യൻ മക്കൾ കക്ഷി സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു.
പൊലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നുമായിരുന്നു ഇന്ത്യന്‍ മക്കള്‍ കക്ഷി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല, ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി അനുമതിയില്ലെന്ന് ഡിഎംകെയ്ക്ക് നോട്ടീസ് നൽകിയിരുന്നെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയപ്രകാശ് നാരായണന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കരുത്, പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവൻ വീഡിയോയിൽ പകർത്തണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിഷേധ റാലിക്ക് കോടതി അനുമതി നല്‍കിയത്.
ഇനിയും നിലപാട് വിശദീകരിക്കാനുണ്ടെന്ന് കോടതിയെ അറിയിച്ച് വാദം സര്‍ക്കാര്‍ തുടര്‍ന്നെങ്കിലും അതും കോടതി തള്ളുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയാനാകില്ലെന്നും സംഘർഷം നടന്നാൽ ഉത്തരവാധി ഡിഎംകെ അധ്യക്ഷനായിരിക്കുമെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിന്‍റെ വലിയ വിജയമാണിതെന്നും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ഒരു ലക്ഷം പേരെ അണിനിരത്തി നാളെ റാലി നടത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam