മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന്

Published : Nov 14, 2019, 01:53 PM ISTUpdated : Nov 14, 2019, 01:54 PM IST
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന്

Synopsis

സെന്റ്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടാകും

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസ് സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്‌നാട് സ‍ർക്കാർ നിയോഗിച്ചു.

സെന്റ്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയ‍ര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും കമ്മീഷണർ എ.കെ.വിശ്വനാഥൻ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടാകും.

ഫാത്തിമ ലത്തീഫിന്‍റെ കുടുബം ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കിയിരുന്നു. അതിനിടെ ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു. 

ഫാത്തിമയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന മദ്രാസ് ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി. 

കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്ന് നിരവധി വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു. 

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ  മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. 

ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്.

അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയു ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ശേഷം ഇന്‍റഡ്രേറ്റഡ് എംഎ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകളും നീട്ടി വച്ചു.
 

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം