
ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ 5 മണിയോടെ അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചത്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി
തെക്കേ ഇന്ത്യയിലെ പ്രധാന ക്ഷേത്ര നഗരങ്ങൾ സന്ദർശിക്കാനായി ഈ മാസം 17 ന് യുപിയിലെ ലഖ്നൗവിൽ നിന്ന് തിരിച്ച 60 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. ഇവർക്ക് മാത്രമായുള്ള പ്രത്യേക കോച്ച് വിവിധ ട്രൈനിലുകളുമായി ബന്ധിപ്പിച്ചാണ് ഓരോ നഗരത്തിലും എത്തിയിരുന്നത്. നഗർകോവിലിലെ ക്ഷേത്ര ദർശനം പൂർത്തിയാക്കിയശേഷം പുനലൂർ മധുര എക്സ്പ്രസ്സിനോട് ഘടിപ്പിച്ച കോച്ച് പുലർച്ചെ 3.45ന് മധുരയിലെത്തി . റെയിൽവേ സ്റ്റേഷന് അല്പം ദൂരെയുള്ള യാർഡിൽ നിർത്തിയിട്ടിരുന്ന കോച്ചിൽ വെച്ച് രാവിലെ 5:15ന് ചിലർ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടർന്നു. 2 മണിക്കൂറോളം എടുത്താണ് തീ അണച്ചത്. ക്ഷേത്രത്തിലേക്ക് പോകാൻ തയാറായി പ്ലാറ്റ്ഫോമിൽ ഇറങ്ങി നിന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. അനധികൃതമായാണ് സംഘം ഗ്യാസ് സിലിണ്ടറും സ്റ്റൌവും ഉപയോഗിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം.
read more രാജ്യപ്രൗഢി ചന്ദ്രനോളം എത്തിച്ചവർ, ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
PM Modi | ISRO | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്