'മഹ' ലക്ഷദ്വീപിൽ ആഞ്ഞടിച്ചു; റെഡ് അലർട്ട്, ദ്വീപിലേക്ക് നാവികസേനാ കപ്പലുകൾ പോകും

By Web TeamFirst Published Oct 31, 2019, 4:52 PM IST
Highlights

അമിനിദിവി ദ്വീപിൽ 83 കിലോമീറ്റർ വേഗതയിലാണ് 'മഹ' ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. രാവിലെ പതിനൊന്നര മണിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 

അമിനിദിവി: 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ ആഞ്ഞടിച്ചു. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിലാണ് അമിനിദിവി ദ്വീപിലൂടെ 'മഹ' കടന്നുപോയത്. രാവിലെ പതിനൊന്നരയോടെയാണ് 'മഹ' ചുഴലിക്കാറ്റ് ആ‌ഞ്ഞടിച്ചത്. കോഴിക്കോട് നിന്ന് ഏതാണ്ട് 330 കിലോമീറ്റർ അകലെയാണിപ്പോൾ 'മഹ'.

നാവികസേനയുടെ മൂന്ന് കപ്പലുകളെ ലക്ഷദ്വീപിലേക്ക് അടിയന്തരസ്ഥിതി കണക്കിലെടുത്ത് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെർച്ചന്‍റ് കപ്പലായ ട്രിറ്റൺ ലിബർട്ടി എന്ന കപ്പൽ വാടകയ്ക്ക് എടുത്ത നാവികസേന, ഇന്ന് രാത്രി തന്നെ ഈ കപ്പൽ പുറപ്പെടാൻ നിർദേശം നൽകി. ഐഎൻഎസ് സുനയന, ഐഎൻഎസ് മഗർ എന്നിവ അതിന് ശേഷം പുറപ്പെടുമെന്നും നാവികസേന അറിയിച്ചു. 

'മഹ'യുടെ ഇപ്പോഴത്തെ സ്ഥാനം (കടപ്പാട്: www.windy.com )

അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണ് 'മഹ' ഇപ്പോൾ. തെക്ക് കിഴക്കൻ അറബിക്കടലിലൂടെ, വടക്ക് പടിഞ്ഞാറൻ ദിശയിലേക്കാണിപ്പോൾ 'മഹ' സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ആറ് മണിക്കൂർ വരെ ഈ ദിശയിൽ 'മഹ' സഞ്ചരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

അറബിക്കടലിൽ വച്ച് തന്നെ 'മഹ' അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് കേരള, കർണാടക, മഹാരാഷ്ട്ര തീരങ്ങൾക്ക് അടുത്തുകൂടി കടന്നുപോകും. 

 അടുത്ത 24 മണിക്കൂർ നേരത്ത് വടക്കൻ ജില്ലകളിലും, കർണാടകയിലും, തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത 24 മണിക്കൂർ നേരം ലക്ഷദ്വീപിൽ അതീവജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

എല്ലാ ദ്വീപുകൾക്കും റെഡ് അലർട്ടാണ്. കൊമോറിൻ - മാലെദ്വീപുകൾക്ക് ഇടയിലുള്ള ഒരു മേഖലകളിലും മത്സ്യബന്ധനം പാടില്ലെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. അടുത്ത 48 മണിക്കൂറിൽ ലക്ഷദ്വീപ് ഭാഗത്ത്‌ കടൽ പ്രക്ഷുബ്ധമാകും. ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വച്ചിരിക്കുകയാണ്. 

കവരത്തി, അഗത്തി, കൽപ്പേനി, അമിനിദിവി ദ്വീപുകളിലായി, പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 214 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദ്വീപിൽ പലയിടത്തും വാർത്താ വിനിമയബന്ധം തകരാറിലായി. ബിഎസ്എൻഎല്ലിന് തീരെ റേഞ്ചില്ല. എയർടെല്ലിന് റേഞ്ച് തീരെക്കുറവാണ്. മറ്റ് സ്വകാര്യ മൊബൈൽ കമ്പനികളുടെ സർവീസുകളും തടസ്സപ്പെട്ട നിലയിലാണ്. ബംഗാരം ദ്വീപിന് അറ്റത്താണ് അൽപമെങ്കിലും റേഞ്ച് കിട്ടുന്നതെന്നും ദ്വീപ് നിവാസികൾ അറിയിച്ചു. എന്നാൽ ഏറ്റവുമൊടുവിലുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. 

click me!