സ്‌കൂളില്‍ മുട്ട കൊടുത്താല്‍ കുട്ടികള്‍ നരഭോജികളാവുമെന്ന് ബിജെപി നേതാവ്

By Web TeamFirst Published Oct 31, 2019, 3:30 PM IST
Highlights

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മധ്യപ്രദേശ് ശിശുവികസന മന്ത്രി ഇമാര്‍ദി ദേവി അറിയിച്ചിരുന്നു. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കും. 
 

ഭോപ്പാല്‍: സ്‌കൂളുകളില്‍ മുട്ട വിതരണം ചെയ്്താല്‍ കുട്ടികള്‍ നരഭോജികളായി മാറുമെന്ന് ബി.ജെ.പി നേതാവ്. അംഗന്‍വാടികളിലെ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്താനുള്ള മധ്യപ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ചാണ് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് കൂടിയായ ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ ഈ പരാമര്‍ശം. 'സനാതന സംസ്‌കാരത്തില്‍ മാംസം ഭക്ഷിക്കുന്ന നിഷിദ്ധമാണ്. ചെറുപ്പം മുതല്‍ നമ്മള്‍ മാംസം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മനുഷ്യനെ തിന്നുന്ന അവസ്ഥയായേനേ'-അദ്ദേഹം പറഞ്ഞു.

'പോകാഹാരക്കുറവുള്ള സര്‍ക്കാറില്‍നിന്ന് മറ്റെന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവരിപ്പോള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ മുട്ട കൊടുക്കുകയാണ്. കോഴിയിറച്ചിയും ആട്ടിറച്ചിയും തിന്നാന്‍ നിര്‍ബന്ധിക്കുകയാണ്. നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നത് ഭാരതീയ സംസ്‌കാരം അനുവദിക്കുന്നില്ല. കുട്ടിക്കാലത്തേ, മുട്ടയും ഇറച്ചിയും തിന്നാല്‍ പിന്നീടവര്‍ നരഭോജികളായിത്തീരും'-ഭാര്‍ഗവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ഇമാര്‍ദി ദേവി രംഗത്തെത്തി. പോഷാകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിച്ച  ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് മുട്ട നല്‍കുന്നത്. മുട്ട മാംസാഹാരമല്ല, സസ്യാഹാരമാണെന്നും മന്ത്രി പറഞ്ഞു. 

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മധ്യപ്രദേശ് ശിശുവികസന മന്ത്രി ഇമാര്‍ദി ദേവി അറിയിച്ചിരുന്നു. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കും. 

click me!