മഹാരാഷ്ട്രയും ഹരിയാനയും ആർക്കൊപ്പം? കൂട്ടിയും കിഴിച്ചും മുന്നണികൾ

Published : Oct 23, 2019, 07:06 AM ISTUpdated : Oct 23, 2019, 07:55 PM IST
മഹാരാഷ്ട്രയും ഹരിയാനയും ആർക്കൊപ്പം? കൂട്ടിയും കിഴിച്ചും മുന്നണികൾ

Synopsis

മഹാരാഷ്ട്രയിലെ 288ൽ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്റെ അവകാശവാദം. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോൺഗ്രസ് എൻസിപി സഖ്യവും കണക്കുകൂട്ടുന്നു.

മുംബൈ: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞ‍െടുപ്പ് ഫലം നാളെ വരാനിരിക്കെ കൂട്ടിയും കിഴിച്ചും മുന്നണികൾ. മഹാരാഷ്ട്രയിലെ 288ൽ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്റെ അവകാശവാദം. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോൺഗ്രസ് എൻസിപി സഖ്യവും കണക്കുകൂട്ടുന്നു. അട്ടിമറി സാധ്യത തള്ളാതെയാണ് ഹരിയാനയിലെ എക്സിറ്റ് പോൾ ഫലങ്ങള്‍.

മഹാരാഷ്ട്രയില്‍ എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് ബിജെപി സേന സഖ്യത്തിന് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതൽ 245 വരെ സീറ്റുകൾ നേടുമെന്നാണ് വിവിധ സർവ്വേകൾ പറയുന്നത്. ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 100 സീറ്റിൽ ജയിച്ച് സഖ്യസർക്കാരിൽ നിർണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ കോൺഗ്രസ് 42 സീറ്റിലും എൻസിപി 41 ഇടത്തുമാണ് ജയിച്ചത്. ഈ സീറ്റുപോലും കിട്ടില്ലെന്ന എക്സിറ്റ് പോൾ ഫലം കോൺഗ്രസ് സഖ്യം തള്ളുന്നു. പവാറിന്റെ റാലികളിൽ ജനം ഒഴുകിയെത്തിയതും ഗ്രാമീണമേഖലയിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻസിപിയിൽനിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് അതേ മണ്ഡലങ്ങളിൽ ശിവസേന ബിജെപി ടിക്കറ്റുകളിൽ മത്സരിച്ച നേതാക്കളെ ജനം ജയിപ്പിക്കുമോയെന്നത് കൗതുകം ഉണർത്തുന്നു. സീറ്റ് ലഭിക്കാത്തതിനാൽ ഇരുപതിലേറെ സീറ്റിൽ വിമതരായി മത്സരിച്ച ബിജെപി സേന നേതാക്കൾക്ക് എന്ത് സ്വാധീനം ഉണ്ടാക്കാനാകുമെന്നും നോക്കി കാണേണ്ടതുണ്ട്. 270 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയ പ്രകാശ് അംബേദ്കർ ലോക്സഭാ തെരഞ്ഞെടുപ്പിലെപോലെ ഇത്തവണയും കോൺഗ്രസിന് പാരയാകുമോ, എംഎൻഎസ്, സിപിഎം, എസ്പി അടക്കമുള്ള ചെറുപാ‍‍‍ർട്ടികൾക്ക് ചലനമുണ്ടാക്കാനാകുമോ, പോളിംഗിലെ മൂന്ന് ശതമാനത്തിന്റെ കുറവ് ആരെ തുണയ്ക്കും ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ അറിയാം.

അതേസമയം, ഹരിയാനയിൽ അട്ടിമറി സാധ്യത തള്ളാതെയാണ്, ഇന്ത്യാ ടുഡെ, ആക്സിസ്, മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങള്‍. ബിജെപിക്കും കോൺഗ്രസിനും ഇടയിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. തൊണ്ണൂറംഗ നിയമസഭയിൽ ബിജെപി 32 മുതൽ 44 വരെ സീറ്റുകൾ നേടും എന്നാണ് പ്രവചനം. കോൺഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും. ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ആറ് മുതൽ പത്ത് സീറ്റും, മറ്റുള്ളവർക്ക് ആറ് മുതൽ പത്ത് സീറ്റും ഏക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നു എന്നാണ് കണ്ടെത്തൽ. മറ്റ് എക്സിറ്റ് പോളുകൾ അറുപത് മുതൽ എഴുപത്തഞ്ച് സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചിരുന്നു. പുതിയ എക്സിറ്റ് പോൾ ഫലം വന്നതോടെ ഹരിയാനയിൽ ചെറു പാർട്ടികളെ ഒപ്പം നിറുത്താനുള്ള നീക്കം കോൺഗ്രസും ബിജെപിയും തുടങ്ങി. അതിനിടെ, വോട്ടിംഗ് മെഷീനിൽ തകരാർ സംഭവിച്ച അഞ്ചിടങ്ങളിൽ റീ പോളിംഗ് പ്രഖ്യാപിച്ചു.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'