
മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിനുള്ളിൽ ഉദ്യോഗസ്ഥർ തൻ്റെ ബാഗുകൾ പരിശോധിക്കുന്നതിൻ്റെ വീഡിയോ അമിത് ഷാ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും അമിത് ഷാ പറഞ്ഞു. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലേക്ക് നാമെല്ലാവരും സംഭാവന നൽകുകയും ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമായി ഇന്ത്യയെ നിലനിർത്തുന്നതിൽ നമ്മുടെ കടമകൾ നിർവഹിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതോടെ വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിവായി പരിശോധനകൾ നടത്തുന്നുണ്ട്. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലിൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ ബാഗുകൾ ഇതുപോലെ പരിശോധിക്കുമോ എന്ന് ചോദിച്ചിരുന്നു.
ചൊവ്വാഴ്ച ഉദ്ധവ് താക്കറെയുടെ ബാഗുകൾ ലാത്തൂരിൽ വീണ്ടും പരിശോധിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ എക്‌സിൽ ഇതിന്റെ വീഡിയോ പങ്കിടുകയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്നാഥ് ഷിൻഡെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ബാഗുകളും ഹെലികോപ്റ്ററുകളും പരിശോധിച്ചു. 288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് ദിവസത്തിന് ശേഷം വോട്ടെണ്ണൽ നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam