
മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസർക്കാരിന്‍റെ കെട്ടുറപ്പിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്.
കർഷക ബില്ലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ശിരോമണി അകാലിദൾ എൻഡിഎ വിട്ട നേരത്താണ് മുംബൈയിൽ ഇന്നലെ ശിവസേനയുടേയും ബിജെപിയുടേയും ശക്തരായ നേതാക്കൾ കൂട്ടിക്കാഴ്ച നടത്തിയത്. ഒരു ആഢംബര ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സേനാ മുഖപത്രമായ സാമ്നയ്ക്കായി ഒരു അഭിമുഖം ചോദിച്ചാണ് ഫഡ്നാവിസിനെ കണ്ടതെന്നാണ് സഞ്ജയ് റാവത്ത് വിശദീകരിച്ചത്. സാമ്നയുടെ ചുമതല അദ്ദേഹത്തിനുണ്ട്. എതിർ ചേരിയിലാണെങ്കിലും ഫഡ്നാവിസുമായി ശത്രുത ഇല്ലെന്നും റാവത്ത് പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസും ഇതേ വിശദീകരണമാണ് നൽകിയത്.എന്നാൽ സേനാ-ബിജെപി സഖ്യത്തിനുള്ള ശ്രമം നടക്കുന്നതായി അഭ്യൂഹം പിന്നാലെ ശക്തമായി. കൂടിക്കാഴ്ച നടന്ന് 24 മണിക്കൂർ കഴിയും മുൻപാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ എത്തിയത്. മുക്കാൽ മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയിൽ ലോക്ഡൗൺ ഇളവുകളാണ് ചർച്ചയായതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തെ തീരുമാനങ്ങളിൽ കൂട്ടുത്തവാദിത്തമില്ലെന്ന് ആരോപിച്ച് സഖ്യത്തിനുള്ളിൽ കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തിയരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടെയാണ് പുതിയ അഭ്യൂഹങ്ങൾ ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam