
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപ് നൂറോളം സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷൻ. ഡിസംബർ രണ്ടിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുനിസിപ്പൽ കൗൺസിലുകളിലേക്കും പഞ്ചായത്തുകളിലേക്കും പാർട്ടിയുടെ 100 സ്ഥാനാർത്ഥികൾ ജയിച്ചെന്ന് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ അവകാശപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളുടെ പ്രസിഡന്റുമാരായി മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ പാർട്ടിയുടെ വിജയം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്. തീരദേശ കൊങ്കൺ മേഖലയിൽ നിന്നുള്ള നാല് പേരും വടക്കൻ മഹാരാഷ്ട്രയിൽ നിന്നുള്ള 49 പേരും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള 41 പേരും മറാത്ത്‌വാഡ, വിദർഭ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പേരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപി അംഗങ്ങൾ മാത്രം എതിരില്ലാതെ ജയിക്കുന്നത് എങ്ങനെയെന്ന് വിമർശിച്ച് എൻസിപി രംഗത്ത് വന്നു. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് ഡിസംബർ 2 ന് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ ബിജെപി മന്ത്രിമാരായ ഗിരീഷ് മഹാജൻ, ജയ്കുമാർ റാവൽ തുടങ്ങിയവരുടെ ബന്ധുക്കളായ നിരവധി പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മന്ത്രി ഗിരീഷ് മഹാജന്റെ ഭാര്യ സാധന മഹാജൻ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ കോൺഗ്രസ്, എൻസിപി സ്ഥാനാർത്തികൾ പത്രിക പിൻവലിച്ചിരുന്നു.
ധുലെ ജില്ലയിലെ ദൊണ്ടൈച്ച-വർവാഡെ മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റായി മാർക്കറ്റിംഗ് മന്ത്രി ജയ്കുമാർ റാവലിന്റെ അമ്മ നയൻ കുൻവർ റാവൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ എതിർ സ്ഥാനാർത്ഥിയുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബന്ധുവായ അൽഹാദ് കലോട്ടി ചിക്കൽധാര മുനിസിപ്പൽ കൗൺസിലിലേക്ക് എതിരില്ലാതെ ജയിച്ചു.