വിമതനീക്കം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഉദ്ദവ് താക്കറെ; നിർണായക നീക്കത്തിന് മുംബൈയിൽ ഉടനെത്തുമെന്ന് ഷിൻഡെ

By Web TeamFirst Published Jun 28, 2022, 6:29 PM IST
Highlights

ഗുവാഹത്തിയിലെ ഹോട്ടലിന് മുന്നിൽ മാധ്യമങ്ങളെ കണ്ട വിമത നേതാവ് ഏക്നാഥ് ഷിൻഡെ 50 എം എൽ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു.

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ പ്രതിസന്ധി അവസാനിപ്പിക്കാനായി എം എൽ എ മാരോട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർത്ഥിച്ചു എന്നതാണ്. വിമതനീക്കം അവസാനിപ്പിച്ച് എംഎൽഎമാരെല്ലാം മടങ്ങിയെത്തണമെന്ന അഭ്യർത്ഥനയാണ് ഉദ്ദവ് വീണ്ടും നടത്തിയത്. തിരികെ മുംബൈയിൽ എത്തിയാൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അഭ്യ‍ർത്ഥിച്ചിട്ടുണ്ട്. എന്നാൽ അഭ്യർഥനയോട് വിമത ക്യാമ്പ് പ്രതികരിച്ചില്ല.

ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല, ഉദ്ധവ് എംഎല്‍എമാരുടെ പേര് പറയട്ടെ; അനുനയനീക്കമെന്ന റിപ്പോര്‍ട്ട് തള്ളി ഷിന്‍ഡെ

ഗുവാഹത്തിയിലെ ഹോട്ടലിന് മുന്നിൽ മാധ്യമങ്ങളെ കണ്ട വിമത നേതാവ് ഏക്നാഥ് ഷിൻഡെ 50 എം എൽ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. ഉടൻ മുംബൈയിൽ എത്തി അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഒരു എംഎൽഎയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നതല്ല. ആരെങ്കിലും ആയി ഉദ്ദവ് താക്കറേ ബന്ധപ്പെടുന്നുണ്ടെങ്കിൽ അവരുടെ പേര് പുറത്ത് വിടാനും ഷിൻഡെ വെല്ലുവിളിച്ചു. ഗുവാഹത്തിയിലുള്ള വിമത എം എല്‍ എമാരുമായി ഉദ്ദവ് താക്കറേ അനുനയനീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്ര പ്രതിസന്ധി: ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ, ഫഡ്നാവിസ് നദ്ദയെ കണ്ടു

അതേസമയം ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ദില്ലിയിൽ അമിത് ഷായുമായും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. ബിജെപി ജനറൽ സെക്രട്ടറി അരുണ് സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയുള്ള ഫഡ്നവിസിന്‍റെ ദില്ലി കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രസക്തി കൂടുതലാണെന്ന വിലയിരുത്തലുകളാണ് ഉണ്ടാകുന്നത്.

അതിനിടെ സർക്കാർ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകൾ നടപ്പാക്കിയെന്ന ബി ജെ പിയുടെ പരാതിയിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടി. വിമത നീക്കം തുടങ്ങിയതോടെ 160 ലേറെ സർക്കാർ ഉത്തരവുകൾ നടപ്പാക്കിയെന്നും അതിൽ അഴിമതി ഉണ്ടെന്നുമായിരുന്നു ആരോപണം. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു കേസിൽ  സേനാ നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് ജൂലൈ 1ന് ഹാജരാകാൻ ഇ ഡി പുതിയ നോട്ടീസ് നൽകി.

മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകൾ എടുത്ത് മാറ്റി ഉദ്ദവ് താക്കറെ

click me!