Asianet News MalayalamAsianet News Malayalam

Maharashtra Crisis : മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകൾ എടുത്ത് മാറ്റി ഉദ്ദവ് താക്കറെ

ഏക്നാഥ് ഷിന്‍ഡേ അടക്കം 9 മന്ത്രിമാരുടെ വകുപ്പുകളാണ് എടുത്ത് മാറ്റിയത്. ഉദ്ദവിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ ആദിത്യ താക്കറെ, സുഭാഷ് ദേശായി, അനിൽ പരബ് എന്നിവർക്കാണ് ഈ വകുപ്പുകൾ അധിക ചുമതലയായി നൽകിയത്. 

CM Uddhav Thackeray hands over portfolios of 9 rebel MLAs to other ministers
Author
Mumbai, First Published Jun 27, 2022, 5:47 PM IST

മുംബൈ: മഹാരാഷ്ട്രയിലെ വിമത മന്ത്രിമാരുടെ വകുപ്പുകൾ എടുത്ത് മാറ്റി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിന്‍ഡേ അടക്കം 9 മന്ത്രിമാരുടെ വകുപ്പുകളാണ് എടുത്ത് മാറ്റിയത്. ഉദ്ദവിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ ആദിത്യ താക്കറെ, സുഭാഷ് ദേശായി, അനിൽ പരബ് എന്നിവർക്കാണ് ഈ വകുപ്പുകൾ അധിക ചുമതലയായി നൽകിയത്. 

പൊതുജനങ്ങളുടെ അവകാശം കൂടിയായ ഭരണ നിർവഹണം തടസപ്പെടാതിരിക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വിമതർ ഔദ്യോഗിക കർത്തവ്യങ്ങൾ മറന്ന് മറ്റൊരു നാട്ടിൽ പോയി ഒളിച്ചിരിക്കുന്നതിനെതിരെ ഒരു പൊതുതാത്പര്യ ഹർജിയും ബോംബൈ ഹൈക്കോടതിയിലെത്തിയിരുന്നു. മന്ത്രിമാരോട് തിരികെ ഓഫീസുകളിലെത്താൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം. അതിനിടെ ശിവസേനയുടെ പ്രധാനപ്പെട്ട നേതാവായ സഞ്ജയ് റാവത്തിനെതിരെ ഇഡി നോട്ടീസ് അയച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കേസിലെ പ്രതികളിലൊരാളായ പ്രവീൺ റാവത്തുമായി സഞ്ജയ് റാവത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. 

ഷിന്‍ഡേ ക്യാംപിന് ആശ്വാസം

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ വിമത എംഎൽഎമാർക്ക് താത്കാലിക ആശ്വാസം. വിമത എംഎൽഎമാർക്ക് ഡെപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിന് മറുപടി നൽകാൻ  ജൂലൈ 12 വരെ സാവകാശം സുപ്രീംകോടതി അനുവദിച്ചു. ഹർജിയിൽ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും കോടതി നോട്ടീസ്  അയച്ചു.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് ഉദ്ദവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡെപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതും ചോദ്യം ചെയ്താണ് ഏക്നാഥാ ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള 16 എംഎല്‍എമാര്‍ സുപ്രീംകോടതിയിലെത്തിയത്.  ഡെപ്യൂട്ടി സ്പീക്കറെ നീക്കുന്നതിൽ തീരുമാനമാകുന്നതുവരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ രണ്ടര മണിക്കൂറിലധികം വാദം കേട്ട ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ച് എന്തുകൊണ്ട് ഹർജിക്കാർ ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന ചോദ്യമാണ് ആദ്യം ഉന്നയിച്ചത്. സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമ നടപടികൾക്ക്  സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ പറഞ്ഞു. എംഎൽഎമാരുടെ അയോഗ്യത നോട്ടീസിൽ തീരുമാനമെടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികളെ പരാമർശിച്ച് ശിവസേനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി  വാദിച്ചു. ഡെപ്യൂട്ടി സ്പീക്കറിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ഹാജരായി. കക്ഷികളുടെ വിവിധ വാദങ്ങൾ കേട്ട് കോടതി ഡെപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കും  നോട്ടീസ് നല്‍കി. കേന്ദ്രസർക്കാരിനോടും നിലപാട് തേടി. എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.

Follow Us:
Download App:
  • android
  • ios