മഹാരാഷ്ട്രയിലും കുതിരക്കച്ചവടത്തിന് തുടക്കം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവച്ചു, നാളെ ബിജെപിയില്‍ ചേരും

By Web TeamFirst Published Jul 30, 2019, 4:52 PM IST
Highlights

എന്‍സിപി എംഎല്‍എമാരായ വൈഭവ് പിച്ചാഡ്, ശിവേന്ദ്ര രാജെ ഭോസ്ലെ, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലംബ്കര്‍ എന്നിവരാണ് ബിജെപിയില്‍ ചേക്കേറുന്നത്.

മുംബൈ: കര്‍ണാടകക്ക് പിന്നാലെ മഹാരാഷ്ട്രയിലും പ്രതിപക്ഷ എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാല് പ്രതിപക്ഷ എംഎല്‍എമാരാണ് ചൊവ്വാഴ്ച എംഎല്‍എ സ്ഥാനം രാജിവച്ചത്. മൂന്ന് എന്‍സിപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയുമാണ് രാജിവച്ചത്. ഇവര്‍ ബുധനാഴ്ച ബിജെപി അംഗത്വമെടുത്തേക്കും.

എന്‍സിപി എംഎല്‍എമാരായ വൈഭവ് പിച്ചാഡ്, ശിവേന്ദ്ര രാജെ ഭോസ്ലെ, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലംബ്കര്‍ എന്നിവരാണ് ബിജെപിയില്‍ ചേക്കേറുന്നത്. എന്‍സിപി എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. എന്‍സിപിയുടെ മുംബൈ പ്രസിഡന്‍റ് സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എംഎല്‍എമാരുടെ കൂടുമാറ്റം. 

എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന മധുകര്‍ പിച്ചാഡെയുടെ മകനാണ് വൈഭവ് പിച്ചാഡ്. മധുകര്‍ പിച്ചാഡ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുതിര്‍ന്ന എന്‍സിപി നേതാവ് ഗണേഷ് നായിക്കിന്‍റെ അനന്തരവനാണ് സന്ദീപ് നായിക്. മറ്റൊരു എന്‍സിപി നേതാവായ ഉദയന്‍ രാജെ ഭോസ്ലെയുടെ ബന്ധുവാണ് ശിവേന്ദ്ര രാജെ ഭോസ്ലെ.

തുടര്‍ച്ചയായി ഏഴുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വഡാല മണ്ഡലത്തില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടയാണ് കാളിദാസ് കോലംബ്കര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കാളിദാസ് പ്രചാരണത്തിനിറങ്ങിയിരുന്നു. എംഎല്‍എമാരോടൊപ്പം നവി മുംബൈ കോര്‍പ്പറേഷനിലെ 52 എന്‍സിപി കൗണ്‍സിലര്‍മാരും അഞ്ച് സ്വതന്ത്രരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ കോര്‍പറേഷനിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് 50 തോളം എംഎല്‍എമാര്‍ തന്നെ സമീപിച്ചെന്നും എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ചിത്രാ വാഗും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
 

click me!