
മുംബൈ: ശിവസേന തലവനായിരുന്ന ബാലേസാഹേബ് താക്കറേയുടെ പേരിൽ റോഡ് അപകട ഇൻഷുറൻസ് പദ്ധതി പുറത്തിറത്തി മഹാരാഷ്ട്ര സർക്കാർ. അപകടത്തിൽ പെടുന്നവർക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാനും അപകട മരണനിരക്ക് കുറയ്ക്കാനും വേണ്ടിയാണിത്. ബാലസാഹേബ് താക്കറേ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി പ്രകാരം, അപകടത്തിൽപെട്ട വ്യക്തിക്ക് അപകടം നടന്ന് 72 മണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐസിയു സംവിധാനം, വാർഡ് ചെലവ്, ഭക്ഷണം ഉൾപ്പെടെ 74 ലധികം ചികിത്സാ നടപടികൾക്കായി 30000 രൂപ സൗജന്യമായി നൽകും.
മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ള വ്യക്തിക്ക് മഹാരാഷ്ട്രയിൽ വച്ച് അപകടമുണ്ടായാൽ ഈ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. മഹാരാഷ്ട്രയിലെ സംസ്ഥാന പാതകളിലും ഗ്രാമീണ പാതകളിലുമായി പ്രതിവർഷം ശരാശരി 40000 പേരാണ് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നത്. 13000 ത്തിലധികം പേർ മരിക്കുകയും ചെയ്യുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഇവരിൽ പലർക്കും രക്ഷപ്പെടാൻ സാധിക്കുമായിരുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രസ്താവനയിൽ പറയുന്നു.
ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സർക്കാരാണ് ഈ പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത്. 2016ൽ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഈ പദ്ധതി മുന്നോട്ട് പോയില്ല എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 120 കോടി രൂപ ഈ പദ്ധതിക്കായി വേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. വ്യാവസായിക അപകടങ്ങൾ, റെയിൽവേ അപകടങ്ങൾ, വീട്ടിലായിരിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പദ്ധതിയെക്കുറിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പറും ഉണ്ടായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam