അനധികൃത കുടിയേറ്റം: തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് മഹാരാഷ്ട്ര

By Web TeamFirst Published Dec 24, 2019, 4:58 PM IST
Highlights

ഫഡ്നാവിസ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാനായി നവി മുംബൈയില്‍ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. ഫഡ്നാവിസ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നാണ് ഉദ്ധവ് താക്കറേ പറയുന്നത് 

മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായി ഫഡ്നാവിസ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫഡ്നാവിസ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാനായി നവി മുംബൈയില്‍ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു.

അതേസമയം, പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവർക്കും അനധികൃത കുടിയേറ്റക്കാർക്കുമായി തടങ്കൽ കേന്ദ്രങ്ങൾ കർണാടകത്തിൽ പൂർത്തിയാവുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് മുപ്പത് കിലോ മീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും.രേഖകളില്ലാതെ  തങ്ങുന്ന ആഫ്രിക്കൻ വംശജർക്കും ബംഗ്ലാദേശ് പൗരൻമാർക്കുമുളള അഭയാർത്ഥി കേന്ദ്രമാണിതെന്ന്  കർണാടക സർക്കാർ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുളള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര  ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്‍റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബെംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്.

കമ്പിവേലിയുളള ചുറ്റുമതിലാണ് തടങ്കല്‍ കേന്ദ്രത്തിന്‍റേത്.  അടുക്കളയും കുളിമുറിയുമുളള  15 മുറികൾ ഇവിടെയുണ്ട്.  രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.  സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റുകയായിരുന്നു. 

മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരൻമാരെയും ഉദ്ദേശിച്ചുളളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന്, ദേശീയ പൗരത്വ പട്ടിക കർണാടകം നടപ്പാക്കുമെന്ന് പല തവണ ആവർത്തിച്ച ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം വരുന്നതിന് മുമ്പ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരൻമാർ പിടിയിലായ കേസിലായിരുന്നു ഇത്. 

തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാ‍ർ പറയുന്നത്. അതിനുളളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം.

click me!