മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര? ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

Published : Jun 21, 2022, 12:10 PM ISTUpdated : Jun 21, 2022, 12:47 PM IST
മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര? ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

Synopsis

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരയാണ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രിമാർ അടക്കം ശിവസേനയുടെ 22 എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ആകുന്നില്ല. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ്  സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബി ജെ പി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ദില്ലിക്ക് പോയി.

ഇന്ന് കോൺഗ്രസും തങ്ങളുടെ എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നടക്കുന്നത് ജനാധിപത്യത്തെ കൊല്ലാനുള്ള ബിജെപി ശ്രമമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ വിമർശിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം മഹാരാഷ്ട്രയിലെ താനെയിൽ ഏകനാഥ് ഷിൻഡേയുടെ വസതിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വീടിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്.

PREV
Read more Articles on
click me!

Recommended Stories

'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്
ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി