
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി മുന്നണി സർക്കാർ ഡിസംബർ 1ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാർക്കിൽ വച്ച് സത്യപ്രതിജ്ഞ നടത്താൻ ശിവസേന ട്രിഡന്‍റ് ഹോട്ടലിൽ വച്ച് ചേർന്ന ത്രികക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ബാലാസാഹേബ് തോറാട്ടും ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരാകും. തിരികെ എത്തുന്ന അജിത് പവാറിനെ കാത്തിരിക്കുന്നത് നിർണായക പദവിയാണെന്നും സൂചനയുണ്ട്.
ഹോട്ടൽ ട്രിഡന്‍റിൽ വച്ച് ചേർന്ന യോഗത്തിലാണ് ഉദ്ധവ് താക്കറയെ എംഎൽഎമാർ ഏകകണ്ഠമായി നേതാവായി അംഗീകരിച്ചത്. മുബൈയിലെ ബിജെപി ആസ്ഥാനത്തിന് മുന്നിൽ ശിവസേന പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷപ്രകടനം നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉദ്ധവ് താക്കറെ യോഗത്തിൽ നന്ദി പറഞ്ഞു. ഇന്ന് നടന്നത് യഥാർത്ഥ ജനാധിപത്യമാണെന്ന് പറഞ്ഞ താക്കറെ ഒരുമിച്ച് കർഷകരുടെ കണ്ണീരൊപ്പുമെന്ന് പ്രഖ്യാപിച്ചു.
എന്‍സിപി പിളര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച അജിത്ത് പവാറിനെ എന്‍സിപി സ്വീകരിച്ചേക്കും എന്നാണ് മുംബൈയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. അജിത്ത് പവാറിനെ ത്രികക്ഷി സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രിസഭയില്‍ ചേർക്കുമെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കിയതായി സൂചന.
അജിത്ത് പവാറിനെ രാജിവയ്പ്പിച്ച് തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഉദ്ധവ് താക്കറെ നേരിട്ട് അജിത്തുമായി ആശയവിനിമയം നടത്തി ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാനായി ശരത് പവാറും സുപ്രിയ സുലെയും നീക്കങ്ങള്‍ നടത്തി വരികയായിരുന്നു. അജിത്ത് പവാറിന്‍റെ സഹോദരങ്ങള്‍ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളില്‍ കൂടെയുള്ള രണ്ട് എംഎല്‍എമാരുമായി പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ശരത് പവാര്‍ അജിത്ത് പവാറിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
മഹാരാഷ്ട്ര സഹകരണബാങ്ക് തട്ടിപ്പ്, വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണം എന്നിവയുമായി ബന്ധപ്പെട്ട് സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളുടെ അന്വേഷണം അജിത്ത് പവാര്‍ നേരിടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ രാത്രി വരെ പങ്കെടുത്ത അജിത്ത് പവാര്‍ അടുത്ത ദിവസം രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുക്കുകയാണ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കക്ഷികള്‍ തങ്ങളുടെ 162 എംഎല്‍എമാരെ അണിനിരത്തി ഹോട്ടല്‍ മാരിയറ്റില്‍ നടത്തിയ പരേഡോടെ അജിത്ത് പവാറിന്‍റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരുന്നു. 35 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് അജിത്ത് പവാറിനൊപ്പമുള്ളവര്‍ ആദ്യം അവകാശപ്പെട്ടിരുന്നവര്‍ എന്നാല്‍ മുംബൈയില്‍ ശക്തമായ സ്വാധീനമുള്ള ശിവസേനയും കളമറിഞ്ഞ് കളിക്കുന്ന ശരത് പവാറും രംഗത്ത് ഇറങ്ങിയതോടെ 33 എംഎല്‍എമാരും തിരികെ ത്രികക്ഷി ക്യാംപിലെത്തി. നേട്ടങ്ങളുടെ പട്ടികയെടുത്താല്‍ നാല് ദിവസത്തിനിടെയുള്ള ഈ നിലപാട് മാറ്റങ്ങള്‍ കൊണ്ട് അജിത്ത് പവാറിന് ഗുണം മാത്രമാണ്.
എന്‍സിപിയില്‍ ശരത് പവാറിന് ശേഷം രണ്ടാമനായി വിശേഷിപ്പിക്കപ്പെട്ട അജിത്ത് പവാറിന് പഴയ മേല്‍ക്കൈ രണ്ടാം വരവില്‍ ലഭിക്കുമോ എന്നതും ഇപ്പോഴത്തെ ബഹളങ്ങളൊക്കെ ഒതുങ്ങിയ ശേഷം ശരത് പവാര്‍ എങ്ങനെ തന്‍റെ അനന്തരവനെ കൈകാര്യം ചെയ്യും എന്നതും കണ്ടറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam