Latest Videos

ഒറ്റ തെരഞ്ഞെടുപ്പും നേരിടാതെ മുഖ്യമന്ത്രി കസേരയിലേക്ക് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രക്കും ശിവസേനക്കും പുതിയ ചരിത്രം

By Web TeamFirst Published Nov 26, 2019, 9:04 PM IST
Highlights

ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എംഎല്‍സിയായോ അല്ലെങ്കില്‍ ഏതെങ്കിലും എംഎല്‍എയെ രാജിവെപ്പിച്ച് മത്സരിക്കുകയോ ചെയ്യും. ആദിത്യ താക്കറെ എംഎല്‍എ സ്ഥാനം രാജിവെച്ച് ഉദ്ധവ് താക്കറെക്ക് മാറിക്കൊടുക്കുമെന്നും സൂചനയുണ്ട്. 

മുംബൈ: 1960കളില്‍ മുംബൈയെയും പിന്നെ മഹാരാഷ്ട്രയെയും ഇളക്കിമറിക്കുകയും ഭാഗധേയം മാറ്റിമറിക്കുകയും ചെയ്താണ് ശിവസേന എന്ന പാര്‍ട്ടിയുമായി ബാല്‍താക്കറെ അവതരിക്കുന്നത്. പ്രാദേശിക വാദത്തിലും ഹിന്ദുത്വയിലും ഊന്നിയായിരുന്നു ശിവസേനയുടെ ജനനം. ആദ്യം മുംബൈയിലും പിന്നീട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലും ശക്തിയായി വളര്‍ന്ന ശിവസേന, മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 

ഒരുരാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശിവസേന വളരുമ്പോഴും പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെ അധികാരത്തില്‍ നിന്ന് എപ്പോഴും അകന്നുനിന്നു. താന്‍ മാത്രമല്ല, കുടുംബാംഗങ്ങളെയും താക്കറെ തെരഞ്ഞെടുപ്പ് ഗോദയില്‍നിന്ന് മാറ്റി നിര്‍ത്തി. ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ മത്സരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയെയാണ് ഇത്തവണ കളത്തിലിറക്കിയത്. ആദിത്യയെ കളത്തിലിറക്കിയതിലൂടെ നേരത്തെ തന്നെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു ശിവസേനയുടെ ലക്ഷ്യം.

പിതാവ് ബാല്‍ താക്കറെയ്ക്കൊപ്പം ഉദ്ധവ് താക്കറെ

തെരഞ്ഞെടുപ്പിന് ശേഷമുള്ള നീണ്ട നാളത്തെ അനിശ്ചിതത്വത്തിന് അന്ത്യമായി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമ്പോള്‍, ആദിത്യയല്ല ചുക്കാന്‍ പിടിക്കുന്നത് എന്നുമാത്രം.  ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി ഒപ്ഷനെങ്കില്‍ മാത്രമേ സഖ്യം സമ്മതിക്കൂവെന്ന എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും കര്‍ക്കശ നിലപാടാണ് ഉദ്ധവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ഒരു തെരഞ്ഞെടുപ്പിലും ഉദ്ധവ് താക്കറെ മത്സരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എംഎല്‍സിയായോ അല്ലെങ്കില്‍ ഏതെങ്കിലും എംഎല്‍എയെ രാജിവെപ്പിച്ച് മത്സരിക്കുകയോ ചെയ്യും. ആദിത്യ താക്കറെ എംഎല്‍എ സ്ഥാനം രാജിവെച്ച് ഉദ്ധവ് താക്കറെക്ക് മാറിക്കൊടുക്കുമെന്നും സൂചനയുണ്ട്. 

ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ഉദ്ധവിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ തുടക്കം. ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായിരുന്ന നാരയണ്‍ റാണെക്കെതിരെ സാമ്നയിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉദ്ധവ് ഉന്നയിച്ചിരുന്നത്. ഉദ്ധവ്-റാണെ തര്‍ക്കം ഒടുവില്‍ റാണെയുടെ പുറത്തുപോകലിന് വഴിവെച്ചു. ശിവസേനയില്‍നിന്ന് രാജിവെച്ച റാണെ പിന്നീട് കോണ്‍ഗ്രസിലെത്തി. ഇപ്പോള്‍ ബിജെപി പാളയത്തിലാണ് നാരായണ്‍ റാണെ.

2002ലെ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ ഉദ്ധവ് താക്കറെ പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ചു. 2003 മുതല്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായി. 2012ല്‍ ബാല്‍ താക്കറെയുടെ മരണ ശേഷം പാര്‍ട്ടിയുടെ അമരക്കാരനായി. ഇതിനിടെ 2006ല്‍ ബന്ധുവായ രാജ് താക്കറെ പാര്‍ട്ടിവിട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രൂപവത്കരിച്ചു. 1966ല്‍ ശിവസേനയുടെ രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നതും ചരിത്രം.  

ഉദ്ധവ് താക്കറെ, ഭാര്യ രശ്മിയോടും മകന്‍ ആദിത്യ താക്കറെക്കുമൊപ്പം 

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ഉദ്ധവിന്‍റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വരവ്. തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് ശിവസേനയും ബിജെപിയും മത്സരിച്ചത്. ബിജെപി 105 സീറ്റിലും ശിവസേന 56 സീറ്റിലും വിജയിച്ചു. എന്നാല്‍, മുഖ്യമന്ത്രിയടക്കമുള്ള എല്ലാ സ്ഥാനങ്ങളും 50:50 രീതിയിലായിരിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിച്ചില്ല. ശിവസേനയാകട്ടെ ആവശ്യത്തില്‍നിന്ന് കടുക് മണിയോളം മാറിയതുമില്ല. ഒടുവില്‍ സഖ്യം പിരിഞ്ഞു.

പിന്നീട് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഖഡി രൂപീകരിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കാര്യങ്ങള്‍ മാറി. എന്‍സിപിയുടെ രണ്ടാമനായ അജിത് പവാറിനെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍, സഖ്യം സുപ്രീം കോടതിയില്‍ പോയി വിശ്വാസവോട്ടെടുപ്പ് തേടണമെന്ന അനുകൂല വിധി വാങ്ങിയതോടെ ബിജെപി മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. അതോടെ ഉദ്ധവിന്‍റെ സമയം വീണ്ടും തെളിഞ്ഞു. 
 

click me!