
കൊൽക്കത്ത: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും പറഞ്ഞു.
"എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നത്? എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കുക"- മഹുവ മൊയ്ത്ര പറഞ്ഞു. ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളടക്കം 12 ഇടങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷൻ, കണ്ണൂരിലെ പാണ്ട്യാലമുക്ക് എന്നിവിടങ്ങളിലെ പിണറായി വിജയൻ്റെ വീടുകളിൽ നടന്ന റെയ്ഡിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി വാഹനത്തിൽ മടങ്ങിയ ഇഡി സംഘത്തിനുനേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. ഇഷ്ടികയും കമ്പും ഉപയോഗിച്ച് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നോക്കിനിൽക്കെ ആണ് ഇഡി സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam